ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും വിമര്‍ശകര്‍ക്കു മറുപടിയായി ഉയര്‍ന്നുനില്‍ക്കുന്നു. പാണ്ഡിത്യത്തിലും വിജ്ഞാന സേവനത്തിലും ശിഷ്യസമ്പത്തിലും നിരുപമ വനിതയായിരുന്നു അവര്‍. ഒമ്പതു വര്‍ഷവും അഞ്ചു മാസവും മാത്രമാണ് പ്രേയസിയായി നബി(സ്വ)ക്കൊപ്പം ജീവിക്കാന്‍ സാധിച്ചത്. ഇക്കാലം കൊണ്ടാണ് അവര്‍ പ്രവാചകരില്‍ നിന്ന് നേരിട്ട് അറിവ് സ്വായത്തമാക്കിയത്. പതിനെട്ടാം വയസ്സില്‍ വൈധവ്യം മാത്രമല്ല, വിജ്ഞാന സ്രോതസ്സിന്റെ നഷ്ടവുമാണ് വന്നുഭവിച്ചത്. പക്ഷേ, നബി(സ്വ)യോടൊന്നിച്ചുള്ള ജീവിതകാലാനുഭവം പറഞ്ഞും പഠിപ്പിച്ചും ശേഷകാലം മഹതി ജീവിച്ചു. അങ്ങനെ അവര്‍ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ശിഷ്യയും ഗുരുവും ഭാര്യയും ആശ്രയവുമെല്ലാമായി. അവര്‍ സമുദായത്തിന് കൈമാറിയ അറിവുകള്‍ വൈവിധ്യം നിറഞ്ഞതാണ്. നബി(സ്വ) പറഞ്ഞതും പഠിപ്പിച്ചതും നബിയോട് ചോദിച്ചറിഞ്ഞതും ജീവിച്ചനുഭവിച്ചതും തന്റെ ഗവേഷണ ശേഷിയാല്‍ നിര്‍ദ്ധാരണം ചെയ്തെടുത്തതും ഖുര്‍ആന്റെ ആശയപ്പൊരുകളുമെല്ലാം അതില്‍പ്പെടും. ഇസ്‌ലാമിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ജ്ഞാനപ്പകര്‍ച്ചയില്‍ നിസ്തുലമായ സാന്നിധ്യമാണവരുടേത്. തിരുദൂതര്‍ക്കുശേഷം സ്ത്രീപുരുഷ ഭേദമന്യേ ആബാലവൃദ്ധം ആശ്രയിച്ചതും അവലംബിച്ചതുമായ പാഠശാലയായിരുന്നു മഹതിയുടെ വീട്.

ജ്ഞാനവൈവിധ്യം

ഹദീസ് എന്ന സാങ്കേതിക സംജ്ഞ സൂചിപ്പിക്കുന്ന വചനങ്ങള്‍, വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാന വിവരണങ്ങള്‍, നിര്‍ദ്ധാരണം ചെയ്തെടുത്ത കര്‍മശാസ്ത്ര വിധികള്‍, ആശയ സന്പുഷ്ടമായ കവിതകള്‍, സാഹിത്യ സന്പുഷ്ടമായ പ്രഭാഷണങ്ങള്‍, ചികിത്സാമുറകള്‍ എന്നിങ്ങനെ മഹതിയില്‍ നിന്നു നേരിട്ടോ അവര്‍ മുഖാന്തിരമോ ഉദ്ധരിക്കപ്പെട്ട വചനങ്ങള്‍ ആയിരക്കണക്കിനുണ്ട്. ചരിത്രത്തില്‍ പരാമര്‍ശമുള്ള മഹാന്മാരും മഹതികളുമടങ്ങിയ 350ലേറെ ശിഷ്യര്‍ അവരില്‍ നിന്ന് അറിവ് നേടിയിട്ടുമുണ്ട്. ഹദീസ് എന്ന ഗണത്തില്‍ പെടുത്താവുന്ന 5636 വചനങ്ങള്‍ അധ്യായം തിരിച്ച് നിവേദകര്‍ സഹിതം ആവശ്യമായ വിവരണത്തോടെ തന്നെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.

ധന്യമായ ജീവിതം

ആഇശ(റ)ക്ക് നബി(സ്വ)യുടെ വിയോഗ സമയത്ത് 18 വയസ്സാണല്ലോ. സാധാരണ ഗതിയില്‍ ഉന്നതമായ നിലവാരത്തിലുള്ള വിദ്യാഭ്യാസ യോഗ്യത നേടാന്‍ ഈ കാലയളവ് അപര്യാപ്തമാണ്. എന്നാല്‍ ആഇശ(റ)യെ സംബന്ധിച്ചിടത്തോളം നബി(സ്വ)യോടൊപ്പമുള്ള ജീവിതകാലം ഒമ്പതര വര്‍ഷമാണെങ്കിലും ഉന്നത പഠനകാലം കൂടിയായിരുന്നു അത്. സ്നേഹമസൃണമായ ദാമ്പത്യത്തോടൊപ്പം ജ്ഞാനസന്പാദനവും നടന്നു. ഉദാരവും സ്വതന്ത്രവുമായ ഗുരുശിഷ്യ ബന്ധം. അറിയല്‍ അനിവാര്യമായ സ്വകാര്യ ജീവിത മസ്അലകള്‍ കൂടുതലായി സമുദായത്തിനു ഗ്രഹിക്കാനായത് ബീവിയുടെ വിവരണങ്ങളിലൂടെയാണ്. ആഇശ(റ) നബി(സ്വ)യോടൊപ്പം ജീവിക്കുന്നത് മദീനയില്‍ വെച്ചാണ്. മക്കക്കാരായ വിശ്വാസികള്‍ മദീനയിലെത്തി സ്വാസ്ഥ്യം ലഭിച്ചതിനു ശേഷമാണ് പ്രധാനമായ കര്‍മശാസ്ത്ര നിയമങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. ധര്‍മസമരങ്ങള്‍ക്കായി സേനയെയും സാര്‍ത്ഥവാഹക സംഘങ്ങളെയും നിയോഗിക്കുന്നതില്‍ വ്യാപൃതരായിരുന്നുവെങ്കിലും ജ്ഞാന സന്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വിഭാഗം മദീനയിലുണ്ടായിരുന്നു. അവരില്‍ അബൂഹുറൈറ(റ) അടക്കമുള്ള സ്വഹാബി പ്രമുഖരുണ്ടായിരുന്നു. തിരുപത്നിമാര്‍ നബി(സ്വ)യുമായുള്ള സ്ഥിര സമ്പര്‍ക്കത്തിലൂടെയും വിജ്ഞാനവും ജീവിതാനുഭവങ്ങളും നേടി.

അന്വേഷണം

നബി(സ്വ)യുടെ ജീവിതവും വാക്കുകളും സാഹചര്യങ്ങളോട് ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടവയുണ്ട്. ഖുര്‍ആന്‍ വചനങ്ങളില്‍ ഏറെ അന്വേഷണങ്ങളും വിശദീകരണങ്ങളും നേടേണ്ടിയും വരും. സുന്നത്തും ഖുര്‍ആനും വിശദീകരണമാവശ്യമുള്ളതാണെങ്കിലും ഖുര്‍ആന്‍ കൂടുതല്‍ വിവരണം വേണ്ടതാണ്. ആഇശ(റ)ക്ക് വിശദീകരണം കൂടുതല്‍ നേടാനവസരമുണ്ടായി. നബി(സ്വ)യോട് ചോദിച്ചറിഞ്ഞ ധാരാളം രംഗങ്ങള്‍ ഉദ്ധരിക്കപ്പെട്ടു കാണാം.

പണ്ഡിതന്മാര്‍ പറയുന്നത്

ആഇശ(റ)യുടെ പാണ്ഡിത്യം മഹാന്മാരായ ശിഷ്യരും പിന്‍ഗാമികളായ പണ്ഡിത പ്രമുഖരും സാക്ഷ്യപ്പെടുത്തിയതാണ്. അത്വാഉബ്നു അബീറബാഹ്(റ) പറയുന്നു: ആഇശ(റ) ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫിഖ്ഹ് അറിയുന്നവരും ഏറ്റവും വിജ്ഞാനീയരും പൊതു സ്വീകാര്യതയുള്ളവരുമായിരുന്നു. ഉര്‍വതുബ്നു സുബൈര്‍(റ) പറയുന്നു: ഫിഖ്ഹ്, ചികിത്സ, കവിത എന്നിവയില്‍ ആഇശ(റ)യെക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. അബൂ മൂസല്‍ അശ്അരി(റ) പറയുന്നു: ഞങ്ങള്‍ക്കെന്തെങ്കിലും അവ്യക്തത വന്നാല്‍ അതിനെക്കുറിച്ച് ആഇശ(റ)യോട് ചോദിക്കും. മഹതിയുടെ അടുത്ത് അതുമായി ബന്ധപ്പെട്ട വിവരം ഇല്ലാതിരിക്കില്ല.

ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ കേന്ദ്രമായ വീട്ടിലാണ് ആഇശ(റ) ജീവിച്ചത്. അതിനാല്‍ തന്നെ ഖുര്‍ആന്‍ കേള്‍ക്കാനും അറിയാനും അവര്‍ക്ക് ഏറെ അവസരങ്ങളുണ്ടായി. നബി(സ്വ)യുടെ അടുത്തുണ്ടായിരിക്കുമ്പോഴാണ് സൂറത്തുല്‍ ബഖറയും സൂറതുന്നിസാഉം അവതരിച്ചതെന്ന് ബീവി പറയുന്നു. എഴുത്തറിയുന്ന ഒരു അടിമയെക്കൊണ്ട് തനിക്ക് സ്വന്തമായി ഒരു മുസ്വ്ഹഫ് എഴുതിയുണ്ടാക്കിയിരുന്നുവെന്നും പരാമര്‍ശമുണ്ട്. ആഇശ(റ)യില്‍ നിന്നു ധാരാളം ഖുര്‍ആന്‍ വിവരണ വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഹദീസ്

സ്വഹാബികളില്‍ ഹദീസ് നിവേദനം ചെയ്തവരില്‍ പ്രധാന സ്ഥാനത്താണ് ആഇശ(റ). മഹതി മറ്റുള്ളവരില്‍ നിന്നും ഭിന്നയായി സത്യവിശ്വാസികളായ മാതാപിതാക്കളില്‍ ജനിച്ചതിനാലും ചെറുപ്പം മുതലേ നബി(സ്വ)യെ കാണാനും കേള്‍ക്കാനും അവസരം കിട്ടിയതിനാലുമാണ് ഇത്. നബി(സ്വ)യുടെ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ കൂടെ നില്‍ക്കാന്‍ ഭാഗ്യം കിട്ടിയതും അവര്‍ക്കാണ്. ഒന്നേകാല്‍ ലക്ഷം വരുന്ന സ്വഹാബികളില്‍ മൂന്നു പുരുഷന്മാര്‍ മാത്രമാണ് ഹദീസ് നിവേദനത്തില്‍ അവരെക്കാള്‍ മുന്നിലുള്ളത്.

കര്‍മശാസ്ത്രം

മദീനയില്‍ കര്‍മശാസ്ത്ര വിഷയത്തില്‍ ആഇശ(റ) പ്രധാനാവലംബമായിരുന്നു. ഖുര്‍ആനും സുന്നത്തും ഖിയാസും പ്രമാണമാക്കി മഹതി നടത്തിയ ഇജ്തിഹാദിന്റെ ഗുണഫലങ്ങള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ആദ്യനാളുകളിലേ വിജ്ഞാനദാഹത്തിന് പരിഹാരമായിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആഇശ(റ) വളരെ സൗകര്യപ്രദമായ ഗുരുവര്യയായിരുന്നു. സിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ)ന്റെ കാലം മുതല്‍ മരണം വരെ ആഇശ(റ) ഫത്വ നല്‍കുകയുണ്ടായി.

അംഗീകാരം

ആഇശ(റ)യുടെ പാണ്ഡിത്യത്തെ സമകാലികര്‍ നന്നായി ഉപയോഗപ്പെടുത്തി. സ്ത്രീ എന്ന വൃത്തത്തിനപ്പുറം വലിയവരും അവരില്‍ നിന്ന് വിജ്ഞാനവും സ്ഥിരീകരണവും ആര്‍ജിച്ചു. ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ അവരോട് ഹദീസിനെ കുറിച്ചന്വേഷിച്ച് ആളുകളെ അയക്കുമായിരുന്നു. പണ്ഡിത എന്ന നിലയില്‍ വൈജ്ഞാനികമായ പരിഗണന മാത്രമല്ല, ഭൗതികമായ പരിഗണനയും ഖലീഫമാര്‍ അവര്‍ക്ക് നല്‍കിയിരുന്നു. ഇല്‍മുത്വിബ്ബിലും അഖീദയിലും കവിതയിലും മഹതി യോഗ്യയായിരുന്നു.