ഉമ്മു ഐമൻ എന്ന പിരിശപ്പൂ

ഉമ്മു ഐമൻ എന്ന പിരിശപ്പൂ

പ്രവാചകർ മുഹമ്മദ്‌ നബി (സ) യുടെ സ്നേഹപാത്രമായി ജീവിച്ച സ്വഹാബി വനിതയാണ്, ബീവി ഉമ്മു ഐമൻ (റ). ബർക ബിൻത് സഅ്ലബ അൽ ഹബ്ഷിയ്യ എന്നാണ് പൂർണ നാമം. എത്യോപ്യൻ വംശജ. 
മക്കാ ചരിത്രത്തിലെ പ്രസിദ്ധമായ ആനക്കലഹ സംഭവത്തിലൂടെയാണ് ഉമ്മു ഐമൻ മക്കയിൽ എത്തുന്നത്. കഅ്ബ പൊളിക്കാൻ എത്തിയ എത്യോപ്യൻ രാജാവ് അബ്റഹത്തും സംഘവും അബാബീൽ പക്ഷികളുടെ ചുടുകല്ലേറ്റു കൊല്ലപ്പെടുകയായിരുന്നവല്ലോ. അവരിൽ ബാക്കി വന്ന ഏതാനും ചിലരെ അബ്ദുൽ മുത്തലിബിന്റെ കീഴിൽ യുദ്ധത്തടവുകാരായി പാർപ്പിച്ചു. പ്രവാചകരുടെ പിതാവ് അബ്ദുല്ല എന്നവർക്ക് ഉമ്മു ഐമനെ പിന്നീട് അടിമയായി ലഭിച്ചു. അങ്ങനെയാണ് ഉമ്മു ഐമൻ മക്കയിൽ പ്രവാചക കുടുംബത്തോടൊപ്പമുള്ള തന്റെ ജീവിതം ആരംഭിക്കുന്നത്.
 

അടിമ സ്ത്രീയായി പിറന്നതിനാൽ തന്നെ ഉമ്മു ഐമന്റെ ജന്മത്തെയോ ജീവിതത്തെയോ കുറിച്ച് ആരും അറിയാൻ വഴിയില്ല. എന്നാല്‍ പ്രവാചക കുടുംബത്തിലെത്തിയതോടെ അവരുടെ ചരിത്രം മാറി. പ്രവാചകരുടെ പിതാവ് അബ്ദുല്ല (റ) യുടെ മരണ ശേഷം അനന്തര സ്വത്തായി ബീവിയെ പ്രവാചകർക്ക് ലഭിച്ചു. ഏറ്റവും കാരുണ്യവാനായ സയ്യിദിന്റെ ഭാഗ്യവതിയായ അടിമയാണിപ്പോൾ ഉമ്മു ഐമൻ.


ഉമ്മയുടെ കൂടെ വലിയുപ്പയുടെ കുടുംബമായ ബനൂ നജ്ജാറിലേക്കുള്ള യാത്രയിൽ പ്രവാചകരുടെ കൂടെയുണ്ടായിരുന്നു ഉമ്മു ഐമൻ. ഉപ്പയുടെ ഖബ്ർ സന്ദർശനം ലക്ഷ്യം വെച്ചുള്ള യാത്രകൂടിയായിരുന്നു അത്. മടക്കയാത്രയിൽ ആമിന ബീവി അബവാഇൽ വെച്ച് ഈ ലോകത്തോട് വിട പറയുമ്പോഴും ഉമ്മു ഐമൻ നബിയുടെ കൂടെയുണ്ടായിരുന്നു. മരണ വസിയ്യത്തുകളോടെ മകനെ ഉമ്മ അമാനത്തായി ഏല്പിച്ചുകൊടുത്തതും ഉമ്മു ഐമന്റെ കൈകളിലാണ്. മക്കയിൽ തിരിച്ചെത്തിയ അവര്‍ ആമിന ഉമ്മയുടെ നിർദേശാനുസരണം പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ അടുക്കൽ മുത്തുനബിയെ ഏല്പിച്ചു. മുത്തുനബിയോടൊപ്പം തന്നെ മഹതി തുടർന്നും കഴിഞ്ഞു. രണ്ടു വർഷത്തോളം കൂടെ ജീവിച്ചു. അബ്ദുൽ മുത്തലിബിന്റെ മരണ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത പിതാമഹൻ അബൂ ത്വാലിബിന്റെ വീട്ടിലും കൂട്ട് ബീവി തന്നെയായിരുന്നു. അക്കാലങ്ങളിൽ ബീവി നേർസാക്ഷിയായ പല അത്ഭുത സംഭവങ്ങളും പങ്കുവെക്കുന്നുണ്ട്.


 

പ്രവാചകർക്ക് പ്രായം ഇരുപത്തഞ്ച്. ഖദീജ ബീവിയുമായുള്ള വിവാഹത്തോടെ ഉമ്മു ഐമൻ ‘മോചിതയായി’. വിവാഹ ശേഷം മുത്തുനബിയോടൊപ്പം ബീവിയും ഖദീജ(റ)യുടെ വീട്ടിലേക്ക് താമസം മാറി. ഉമ്മക്ക് ശേഷമുള്ള എന്റെ ഉമ്മയാണ്, എന്റെ കുടുംബത്തിന്റെ ബാക്കിയാണ് എന്നെല്ലാം മുത്തുനബി ഉമ്മു ഐമനെ വിശേഷിപ്പിച്ചിട്ടുണ്ട്.

 

ഉമ്മു ഐമന് പ്രവാചകർ നൽകിയ സമ്മാനമായിരുന്നു ഉബൈദ് ബിന്‍ സിയാദ്. മദീനക്കാരനായ ഖസ്‌റജ് ഗോത്രക്കാരൻ. ബീവിക്ക് വേണ്ടി മുത്തുനബിയും ഖദീജ ബീവിയും തിരഞ്ഞെടുത്ത വരൻ. ഉബൈദുമായുള്ള വൈവാഹിക ജീവിതത്തിലാണ് ബീവിക്ക് ഉമ്മു ഐമൻ എന്ന പേരു വന്നുചേരുന്നത്. അവരുടെ സംതൃപ്ത പൂർണമായ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ പൂവാണ് ഐമൻ. ഉബൈദിനും മകനും ഒപ്പമുള്ള ജീവിതകാലത്താണ് മുത്തുനബിയുടെ പ്രവാചകത്വ വിളംബരമുണ്ടായത്. ബീവിയുടെ മനതലങ്ങളിൽ വിശ്വാസത്തിന്റെ നാമ്പ് പൊട്ടി. അതു വളർന്നു. പന്തലിച്ചു. 
ആദ്യകാല വിശ്വാസികളിൽ പ്രസിദ്ധയാണ് ഉമ്മു ഐമൻ (റ). ചെറുപ്രായത്തിലേ പ്രവാചകരുടെ വിശിഷ്ട വ്യക്തിത്വവും സ്വാഭാവവും കണ്ട, ആശ്ചര്യപൂർണമായ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണല്ലോ മഹതി.

 

സ്വർഗം കൊണ്ട് പലപ്പോഴായി പ്രവാചകർ സന്തോഷം അറിയിച്ചിട്ടുണ്ട് ബീവിയെ. ബീവിയുടെ പുനർവിവാഹ സംഭവം കാണൂ, "സ്വർഗാവകാശിയായ സ്ത്രീയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവൻ ഉമ്മു ഐമനെ വിവാഹം ചെയ്യട്ടെ" എന്നായിരുന്നു പ്രവാചക വിളംബരം. സൈദ് ബ്നു ഹാരിസായിരുന്നു ബീവിയുടെ വരൻ. ഇരുപത്തിയഞ്ചുകാരനായ സൈദ് (റ) നെ ജീവിത പങ്കാളിയായി സ്വീകരിക്കുന്ന സമയത്ത് ബീവിക്ക് അമ്പത് വയസ് പ്രായമുണ്ടയിരുന്നുവത്രെ. സൈദ് ബ്നു ഹാരിസ് (റ) ഖദീജ ബീവിയുടെ വിശ്വസ്ഥനായ അടിമയായിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥാവകാശം ഖദീജ ബീവി മുത്തുനബിക്ക് നൽകി. നബി അവരെ മോചിപ്പിച്ചു. ഉമ്മു ഐമന് വരനാക്കി നൽകുകയും ചെയ്തു. ഈ ദാമ്പത്യത്തിൽ വിരിഞ്ഞതാണ് ഉസാമ ബിന്‍ സൈദ് (റ). ധീരനും യോദ്ധാവുമായ മഹാനായ സ്വഹാബി.

 

പ്രവാചകരുടെ ജീവിത പാഠങ്ങളിൽ ബീവിയെ തൊട്ട് ഉദ്ധരിക്കുന്ന ധാരാളം ഹദീസുകൾ കാണാൻ കഴിയും. പ്രവാചകർക്ക് കുട്ടിക്കാലത്തെന്ന പോലെ പ്രബോധനത്തിന്റ വേദനിക്കുന്ന കാലത്തും താങ്ങും തണലുമായിരുന്നു ഉമ്മു ഐമൻ. പ്രബോധനത്തിന്റെ ആദ്യ കാലത്ത്, ദാറുൽ അർഖമിൽ ഖദീജ ബീവിയുടെ സന്ദേശം പ്രവാചകർക്ക് എത്തിച്ചുകൊടുത്തിരുന്നത് മഹതിയായിരുന്നു. ആഇശ ബീവിയുടെ പേരിൽ അസഭ്യമായ ആരാേപണം പരന്നപ്പോൾ, നല്ലതല്ലാത്ത കാര്യങ്ങൾ അറിയുകയും ഭാവിക്കുകയും ചെയ്യുന്നതിൽ നിന്ന് എന്റെ കാഴ്ചയേയും കേൾവിയേയും അല്ലാഹു വിലക്കട്ടെ എന്നായിരുന്നു ബീവിയുടെ പ്രതികരണം.

 

അബ്സീനിയയിലേക്കും മദീനയിലേക്കുമുള്ള രണ്ടു പലായനങ്ങളിലും ഉമ്മു ഐമൻ പങ്കാളിയായിരുന്നു. ധാരാളം ഹദീസുകൾ മഹതി മുഖേന നിവേദനം ചെയ്തിട്ടുണ്ട്. നിങ്ങളെ ഞാൻ ഒരു പെണ്ണൊട്ടകത്തിന്റെ കുട്ടിയുടെ മേൽ അല്ലാതെ യാത്രയാക്കുകയില്ല എന്ന് പ്രവാചകർ പറഞ്ഞപ്പോൾ, ഒട്ടകക്കുട്ടിയുടെ മേൽ എങ്ങനെ യാത്ര ചെയ്യാൻ കഴിയുമെന്ന് അവര്‍ ആരാഞ്ഞു. എല്ലാ ഒട്ടകവും അതിന്റെ അമ്മയുടെ കുട്ടി ആണല്ലോ എന്നു തമാശ രൂപേണ മുത്തുനബി പ്രതിവചിച്ചതായി ബീവി മുഖേനെയുള്ള ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.
 

ബീവിയുടെ പുനർവിവാഹ സംഭവം കാണൂ, "സ്വർഗാവകാശിയായ സ്ത്രീയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവൻ ഉമ്മു ഐമനെ വിവാഹം ചെയ്യട്ടെ" എന്നായിരുന്നു പ്രവാചക വിളംബരം. സൈദ് ബ്നു ഹാരിസായിരുന്നു ബീവിയുടെ വരൻ. ഇരുപത്തിയഞ്ചുകാരനായ സൈദ് (റ) നെ ജീവിത പങ്കാളിയായി സ്വീകരിക്കുന്ന സമയത്ത് ബീവിക്ക് അമ്പത് വയസ് പ്രായമുണ്ടയിരുന്നുവത്രെ.

 

രണ്ടാം പലായന സന്ദർഭത്തിൽ അവസാന ഘട്ടത്തിലാണ് പുറപ്പെട്ടത്. പ്രവാചകരെ കാണണം എന്ന അതിയായ ആഗ്രഹത്താൽ പ്രായത്തിന്റെ അവശതകളെ പരിഗണിക്കാതെ മദീനയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ കഠിനമായ ദാഹം ഉണ്ടായപ്പോൾ ആകാശത്തു നിന്ന് പ്രത്യേക പാത്രത്തിൽ ദാഹജലം ലഭിച്ച അത്ഭുത സംഭവം പ്രസിദ്ധമാണല്ലോ. "പിന്നീട് ഒരിക്കലും തനിക്ക് ദാഹം അനുഭവപ്പെട്ടിട്ടില്ല” എന്ന് ബീവി പറയുന്നുണ്ട്. നീരുവന്നു കെട്ടിയ കാലുമായി മഹതി മദീനയിൽ എത്തിയപ്പോൾ മുത്തുനബി സന്തോഷങ്ങൾ അറിയിച്ചു.

 

നാവിന് ചെറിയ കെട്ടിക്കുടുക്കുണ്ടായിരുന്നു മഹതിക്ക്. ചില വാക്കുകൾ വ്യക്തമായി മൊഴിയാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ ബീവി മുത്തുനബിയോട് "സലാമുല്ലാഹി അലൈകും" എന്ന് പറഞ്ഞപ്പോൾ, "സലാമുൻ ലാ അലൈകും" എന്നാണ് പുറത്തുള്ളവർ കേട്ടത്. ഈ പ്രയാസമുള്ളതിനാൽ "സലാം" എന്ന വാക്ക് കൊണ്ട് അഭിസംബോധനം ചുരുക്കാൻ പ്രവാചകർ ഇളവു നൽകിയിരുന്നു.

 

പ്രിയതമനും പുത്രനും അല്ലാഹുവിന്റെ വഴിയിൽ ജീവൻ ത്യജിച്ചു. മകൻ ഉസാമ ബിൻ സൈദ് (റ) മാത്രമേ മഹതിയുടെ വിയോഗവേളയിൽ ജീവിച്ചിരുന്നുള്ളൂ. അന്നത്തെ സൈനിക തലവൻമാരിൽ പ്രസിദ്ധനായിരുന്നു ഉസാമ. മുത്തുനബിയുടെ വിയോഗത്തിന്റെ അഞ്ചു മാസങ്ങൾക്ക് ശേഷം മദീനയിലാണ് മഹതിയുടെ വിയോഗം. ജന്നതുൽ ബഖീഇലാണ് ഖബ്റ്.
തിരുനബിയുടെ മാതൃകയിൽ, അബൂബക്കർ (റ), ഉമർ (റ) എന്നിവരും മഹതിയോട് വലിയ സ്നേഹം പുലർത്തിയിരുന്നു. ഉദാത്ത വിശ്വസിയുടെ മാതൃകയായി എല്ലാ കാലത്തും വായിക്കപ്പെടേണ്ട ജീവിതമാണ് ഉമ്മു ഐമൻ.