ആനക്കലഹം നടന്ന വർഷം. ലോകം ആത്മീയവും ധാർമ്മികവുമായ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. വിഗ്രഹാരാധന, അന്ധവിശ്വാസങ്ങൾ, ഗോത്രവൈരങ്ങൾ, അനീതി, സ്ത്രീപീഡനം, സാമൂഹിക അസമത്വം തുടങ്ങിയവ മനുഷ്യജീവിതത്തെ ഇരുളിലാഴ്ത്തിയിരുന്നു. അത്തരമൊരു കാലത്താണ് മനുഷ്യരാശിക്ക് കാരുണ്യമായി അല്ലാഹു തന്റെ അന്തിമദൂതരെ നിയോഗിച്ചത്.
ഖുറൈശിലെ അബ്ദുല്ല (റ)യുടെയും ആമിന ബീവി(റ)യുടെയും മകനായി തിരുനബി ﷺ ജനിക്കാനിരിക്കെ, ഗർഭകാലത്തുതന്നെ പിതാവ് അബ്ദുല്ല (റ) വഫാത്തായി. ഭർത്താവിന്റെ വേർപാടിന്റെ വേദനയിലും തന്റെ ഗർഭസ്ഥശിശു ലോകത്തിന് അനുഗ്രഹമാകുമെന്ന സന്തോഷവാർത്തകൾ ആമിന ബീവിക്ക് പ്രതീക്ഷ നൽകി.
റബീഉൽ അവ്വൽ മാസത്തിലെ തിങ്കളാഴ്ച പുലർച്ചെ മക്കയിലെ പ്രമുഖ തറവാടായ ഖുറൈശി ഗോത്രത്തിൽ ആ അനുഗ്രഹീത ശിശു പിറന്നു. അത് ഒരു കുടുംബത്തിന്റെ മാത്രം സന്തോഷമായിരുന്നില്ല; മനുഷ്യചരിത്രത്തിലെ മഹത്തായൊരു അധ്യായത്തിന്റെ തുടക്കമായിരുന്നു. അല്ലാഹു പറയുന്നു: “സർവ്വലോകർക്കും കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല.”
(സൂറതുൽ അമ്പിയാഅ്: 107)
തിരുപ്പിറവിയുമായി ബന്ധപ്പെട്ട് നിരവധി അത്ഭുതസംഭവങ്ങൾ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആമിന ബീവി (റ) പ്രകാശം ദർശിച്ചതും പേർഷ്യൻ കൊട്ടാരത്തിലെ ചില ഭാഗങ്ങൾ തകർന്നതും തീ കെട്ടുപോയതും സാവാ തടാകം വറ്റിയതുമെല്ലാം പുതിയൊരു യുഗത്തിന്റെ ആരംഭത്തിന്റെ അടയാളങ്ങളായി പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.
പിതാമഹൻ അബ്ദുൽ മുത്തലിബ് ശിശുവിനെ കഅ്ബയിലേക്ക് കൊണ്ടുപോയി അല്ലാഹുവിന് നന്ദി അർപ്പിച്ച ശേഷം ‘സ്തുതിക്കപ്പെട്ടവർ’ എന്നർത്ഥമുള്ള “മുഹമ്മദ്” എന്ന് നാമകരണം ചെയ്തു.
അനാഥനായി ജനിച്ച തിരുനബി ﷺ അനാഥർക്കും അശരണർക്കും പീഡിതർക്കും പ്രത്യാശയുടെ പ്രകാശമായി. കാരുണ്യം, നീതി, സത്യം, ക്ഷമ, മനുഷ്യസ്നേഹം എന്നിവ സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു. തിരുപ്പിറവി അജ്ഞതയുടെ ഇരുളിൽ നിന്ന് സത്യത്തിന്റെ വെളിച്ചത്തിലേക്കുള്ള മനുഷ്യരാശിയുടെ നവോത്ഥാനത്തിന്റെ തുടക്കമായിരുന്നു.
തിരുദൂതരുടെ അനുഗ്രഹീത ജനനത്തിന്റെ തുടർച്ചയായ അവിടുത്തെ ബാല്യത്തിലേക്ക് നമുക്ക് നാളെ സഞ്ചരിക്കാം. നാഥൻ തുണക്കട്ടെ !