നീ ഖദീജയാവുക

നീ ഖദീജയാവുക

ഖദീജ ബീവിയെ സംബന്ധിച്ച വായനയിൽ ഗസ്സ കടന്നുവന്നപ്പോൾ, പിന്നീട് ആലോചനയും ആധിയും ഗസ്സ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചായി. ആ ഭൂമിയിൽ ജനിച്ചു എന്നതിനപ്പുറം ഒരു അപരാധവും ചെയ്യാത്ത ജനതയാണല്ലോ ഈവിധം ക്രൂരമായി അക്രമിക്കപ്പെടുന്നത് എന്നോർക്കുമ്പോൾ, ഉള്ളിലൊരു ശൂന്യത അനുഭവപ്പെടുന്നു. നീതിയുടെ പേരിൽ ഭൂമിയിൽ എത്ര ഹെഡ്കോട്ടേഴ്സ് ഉയർന്നിട്ടെന്താ, മനുഷ്യരെയും മനുഷ്യക്കുഞ്ഞുങ്ങളെയും ചോരയിൽ കുളിപ്പിക്കുന്ന അനിനിവേശം ഇപ്പോഴും തുടരുകയാണല്ലോ. 

 

ഗസ്സയിലെ ഓരോ ചിത്രവും കണ്ണിൽ ആണി തറയുന്ന പോലെ വേദനാജനകമാണ്. തകർന്നുവീഴുന്ന കെട്ടിടങ്ങളുടെ അടിയിൽ നിന്നുയർന്ന കുഞ്ഞുകരച്ചിലുകൾ എത്രമേൽ അസഹനീയമാണ്. ചിതറിയ ചുമരുകളുടെ അടിയിൽ നിന്ന് കുഞ്ഞുങ്ങളെ വലിച്ചെടുക്കുന്ന രംഗം കണ്ടവർ ഈ ആയുസിൽ അതു മറക്കുമെന്ന് തോന്നുന്നില്ല. ഈ നോമ്പുകാലം പോലും അവർക്ക് വലിയ നോവുകാലമാണ്. സമൃദ്ധമായ ഇഫ്താറുകളില്ല, മൈലാഞ്ചിച്ചോപ്പിന് പകരം മുഖത്തും കൈകാലുകളിലും ചോരപ്പാടുകളാണ്. ഇങ്ങനെയൊക്കെ നീറുമ്പോഴും അവരുടെ വിശ്വാസത്തിന് ഒരു ചാഞ്ചല്യവും വരുന്നില്ല എന്നതാണ് മഹാ വിസ്മയം. അവർ വിധിയെ കുറ്റപ്പെടുത്തുന്നില്ല, പടച്ചവനെ നിഷേധിക്കുന്നില്ല. ഓരോ ആഘാതത്തിലും അല്ലാഹുവിനെ ഉറക്കെ വിളിക്കുകയാണ്. ഈ വിശ്വാസദാർഢ്യത്തിൽ ആശ്ചര്യം കൂറി മറ്റു പലരും ഇസ്‌ലാമില്‍ ആകൃഷ്ടരായി എന്നതാണ് കാര്യം. 

 

മലയാള സാമൂഹ്യമാധ്യമയിടങ്ങളിൽ മുസ്‌ലിം വിരുദ്ധ പരിഹാസങ്ങളുമായി രണ്ടു ചെറുപ്പക്കാരികളെ ഇയ്യിടെ അവതരിപ്പിക്കുന്നുണ്ടല്ലോ. അഗ്നിപരീക്ഷണങ്ങളിൽ പോലും കെട്ടുപോകാതെ തങ്ങളുടെ വിശ്വാസത്തെ കാത്തുവെക്കുന്ന ഗസ്സയിലെ ഈ ഉമ്മമാരെ ഇവരെങ്ങനെയാണ് നോക്കിക്കാണുക? മക്കളോടുള്ള അവരുടെ നിഷ്കളങ്കതയും ആത്മാർഥതയും പരിഹസിച്ചുകളഞ്ഞാൽ തീരുമെന്നാണോ ഇവർ വിചാരിക്കുന്നത്. 

ഖദീജ(റ)യിൽ നിന്നാണല്ലോ നമ്മൾ ഗസ്സയിലേക്കും ഇവിടേക്കുമെല്ലാം എത്തിയത്. സമാനമായ ഒരു ഘട്ടം ബീവി ഖദീജ കൂടി അതിജയിച്ചിട്ടുണ്ട്. മക്കത്തെ രാജാത്തിയായി വാണ ഖദീജ ബീവിയെയും, റസൂലിനെ വിശ്വസിച്ചതിന്റെയും ഇണയായി തിരഞ്ഞെടുത്തതിന്റെയും പേരിൽ അധിക്ഷേപിച്ചിരുന്നല്ലോ. പക്ഷേ ഓരോ ഘട്ടവും അത്രതന്നെ പക്വതയോടെയും ത്യാഗമനസോടെയും അതിജയിച്ചു ഖദീജ ബീവി. ഒരൽപം തുടക്കത്തിൽ നിന്നാവാം കഥ.


സുന്ദരിയും ബുദ്ധിശാലിയുമായിരുന്നു ഖദീജ ബീവി. പിതാവിന്റെ മരണത്തോടെ കച്ചവടത്തിന്റെ ഉത്തരവാദിത്വം ഖദീജ ബീവി ഏറ്റെടുത്തു. ധാരാളം തൊഴിലാളികളെ നിയമിച്ചു. അവരാണ് വ്യത്യസ്ത നാടുകളിലേക്കും നഗരങ്ങളിലേക്കും മുതലുമായി കച്ചവടത്തിന് ചെന്നിരുന്നത്. എല്ലാവരോടും വലിയ അടുപ്പവും അനുകമ്പയുമുണ്ടായിരുന്ന ബീവി, നിർധനരോടും വിധവകളോടും രോഗബാധിതരോടും അതീവ സ്നേഹം പ്രകടിപ്പിച്ചു.

 

നാൽപത് വയസ്സോടെ മക്കത്തെ പേരുകേട്ട സ്ത്രീസാന്നിധ്യമായി ഖദീജ (റ). കൂടെ കച്ചവടത്തിനും ഏർപാടുകൾക്കും താത്പര്യം പ്രകടിപ്പിച്ചു പലരും അവരെ സമീപിച്ചു. വ്യാപാരത്തിൽ നല്ല ശ്രദ്ധ പുലർത്തിയ മഹതി വിശ്വസ്ഥനായ ഒരാളുണ്ടായാൽ കച്ചവടം ഇനിയും വർധിപ്പിക്കാം എന്ന ആലോചനയിലെത്തി. അൽഅമീൻ എന്ന പേരിൽ നാട്ടിൽ വിശ്രുതനായ മുഹമ്മദിനെ (സ്വ) അതിനു തിരഞ്ഞെടുത്തു. കച്ചവടമുതൽ നബിയെ ഏൽപ്പിചിച്ചു. കൂടെ രണ്ടുപേരെ സഹായത്തിനും നൽകി. മുമ്പ് കച്ചവടം നടത്തി പരിചയിച്ചിട്ടില്ല പ്രവാചകർ. പക്ഷേ രണ്ടു തവണ കച്ചവട സംഘത്തിൽ ചേർന്നുപോയിട്ടുണ്ട്. 

 

രണ്ടാമതൊരു വ്യാപാരയാത്രക്കു കൂടി ഖദീജ ബീവി ചട്ടം കെട്ടി. യമൻ ഭാഗത്തേക്കാണ് ഇത്തവണ. ലോകത്തിന് കാപ്പിക്കുരു പരിചയപ്പെടുത്തിയ നാടാണ് യമൻ. അണക്കെട്ടു വിദ്യക്കും ജലസേചനത്തിനും പേരുകേട്ട ദേശം. തുണിത്തരങ്ങൾക്കും ഫർണിച്ചറുകർക്കും പേരുകേട്ട സ്ഥലം. അറേബ്യയുടെ തെക്കുഭാഗം. ബിൽക്കീസ് രാജ്ഞിയുടെ ഈ നാടാണത്രെ അറബി ഭാഷക്ക് ആദ്യമായി ലിപി നൽകിയത്. ആദ്യയാത്ര പോലെ, ഇരട്ടിലാഭവുമായാണ് പ്രവാചകർ യമനിൽ നിന്നും മക്കയിലേക്ക് തിരിച്ചെത്തിയത്.

 

ഖദീജയുടെ മുതലുകളുമായി പ്രവാചകർ ബസ്വറയിലേക്ക് പുറപ്പെട്ടു. തോൽ, ഉണക്കമുന്തിരി, സുഗന്ധദ്രവ്യങ്ങൾ, ഉണക്കിയ ഈന്തപ്പഴം, ഭാരം കുറഞ്ഞ നെയ്‌ത്തു വസ്തുക്കൾ, വെള്ളി, ഔഷധം തുടങ്ങിയവയാണ് കച്ചവട വസ്തുക്കളായി ഉണ്ടായിരുന്നത്. ഒരു മാസമെടുത്താണ് അവിടെ എത്തിയത്. ദമസ്കസിന്റെ പുരാതന നഗമാണ് ബസ്വറ (Bostra). അറബികൾ വ്യാപാരത്തിന് ചെല്ലാറുള്ള ഇടമാണിത്. അതിനപ്പുറത്തുള്ള ദമസ്കസിലേക്കും ഗസ്സയിലേക്കും വരെ ചിലപ്പോൾ വ്യാപാരാർഥം പോകാറുണ്ട്. യൂറോപിലേക്ക് സിൽകും ചൈനീസ് പേപറുകളും കയറ്റുമതി ചെയ്തിരുന്ന അറബുസംഘങ്ങളുമുണ്ടായിരുന്നു.  

 

അറബ് ദേശത്തിന് അന്ന് സ്വന്തമായി നാണയമുണ്ടായിരുന്നില്ല. സ്വർണം, വെള്ളി നാണയങ്ങൾക്കു പുറമേ റോമൻ, പേർഷ്യൻ, ഇന്ത്യൻ നാണയങ്ങളാണ് ഉപയോഗിച്ചിരുന്നത്. അറബ് ഇസ്‌ലാമിക് നാണയം ആദ്യമായി പുറത്തിറക്കുന്നത്, അബ്‌ദുൽ മലിക് ബിൻ മർവാനാണ് (697-698). അതുവരെ ബാർട്ടർ സമ്പ്രദായമായിരുന്നു അവിടെ പ്രധാനമായും നിലനിന്നിരുന്നത്. അങ്ങനെയാണെങ്കിൽ, ബസ്വറയിൽ നിന്ന് കച്ചവടലാഭമായും മുതലായും എന്താകും പ്രവാചകർ തിരികെ കൊണ്ടുവന്നിട്ടുണ്ടാകുക? നിർമിത വസ്തുക്കൾ, വസ്ത്രങ്ങൾ, സമ്പന്നരായ മക്കക്കാർക്ക് വിൽക്കാനുള്ള ആഡംബര സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ പ്രവാചകർ മക്കയിലേക്ക് കൊണ്ടുവന്നുവെന്നാണ് ചരിത്രം. ഇരട്ടിലാഭവുമായാണ് പ്രവാചകർ അന്ന് മക്കയിലെത്തിയത്. രണ്ടു മാസത്തെ കച്ചവടം കഴിഞ്ഞു വരുന്ന വഴിക്കാണല്ലോ, നസ്തൂറ എന്ന ക്രിസ്ത്യാനി പുരോഹിതൻ, അടയാളങ്ങൾ പരിശോധിച്ച് ഇത് വരാനിരിക്കുന്ന പ്രവാചകനാണെന്ന് ഉറപ്പ് നൽകിയത്. വിവരങ്ങളെല്ലാം സഹയാത്രികർ ഖദീജക്ക് കൈമാറി.

 

രണ്ടാമതൊരു വ്യാപാരയാത്രക്കു കൂടി ഖദീജ ബീവി ചട്ടം കെട്ടി. യമൻ ഭാഗത്തേക്കാണ് ഇത്തവണ. ലോകത്തിന് കാപ്പിക്കുരു പരിചയപ്പെടുത്തിയ നാടാണ് യമൻ. അണക്കെട്ടു വിദ്യക്കും ജലസേചനത്തിനും പേരുകേട്ട ദേശം. തുണിത്തരങ്ങൾക്കും ഫർണിച്ചറുകർക്കും പേരുകേട്ട സ്ഥലം. അറേബ്യയുടെ തെക്കുഭാഗം. ബിൽക്കീസ് രാജ്ഞിയുടെ ഈ നാടാണത്രെ അറബി ഭാഷക്ക് ലിപി സമ്മാനിച്ചത്. ആദ്യയാത്ര പോലെ തന്നെ, ഇരട്ടിലാഭവുമായാണ് പ്രവാചകർ യമനിൽ നിന്നും മക്കയിലേക്ക് തിരിച്ചെത്തിയത്.

 

നമ്മളും ഖദീജയുടെ സ്മരണയിൽ ലയിച്ചിരിന്ന രംഗങ്ങളുണ്ടായല്ലോ, അവരുടെ സ്മരണകൾക്ക് പാട്ടുകെട്ടി മായാതെ നിലനിർത്തിയല്ലോ. മാണിക്യ മലരായ പൂവി..,  മക്കത്തെ രാജാത്തിയായി വാണിടും ഖദീജാബി.., പുതപ്പിട്ടു മൂടൂ ഖദീജാ.., ചേർത്തൊന്നണക്കൂ ഖദീജാ.. മലയാളത്തിന്റെ താളസ്വരങ്ങളിൽ ഖദീബ ബീവി തെളിയുന്നത് എന്തു ചമത്കാരത്തോടെയാണ്. 

 

പിന്നീട്, ഖദീജ ബീവി തന്റെ ഇണയായും തുണയായും പ്രവാചകരെ തിരഞ്ഞെടുത്തു. റസൂൽ തന്‍റെ ആദ്യ ഭാര്യയായി ഖദീജയെ സ്വീകരിച്ചു. ആറ് മക്കൾ അവർക്കുണ്ടായി. ദിവ്യവെളിപാട് കിട്ടി പനിച്ച നാടുകളിൽ റസൂലിനെ സ്നേഹം കൊണ്ടുമൂടിയ, ഹിജ്റയിൽ മറഞ്ഞിരുന്ന പർവതശിഖരത്തിൽ ഭക്ഷണവുമായെത്തിയ, തന്റെ ധനം മുഴുവനും തിരുനബിക്ക് സമ്മാനിച്ച, മരണം വരെ റസൂലിന് താങ്ങായും തണലായും നിന്ന ഖദീജയുമ്മയുടെ ജീവിതകാലം മുഴുക്കെയും ഏകപത്നീവ്രതമായിരുന്നു റസൂലിന്റേത്. അവരുടെ മരണാനന്തരവും റസൂൽ അവരെ മറന്നില്ല. ഓർമകൾ അയവിറക്കിക്കൊണ്ടേയിരുന്ന റസൂൽ, ഖദീജ ബീവിയുടെ കൂട്ടുകാരെയും നിരാശരാക്കിയില്ല. 

 

നമ്മളും ഖദീജയുടെ സ്മരണയിൽ ലയിച്ചിരിന്ന രംഗങ്ങളുണ്ടായല്ലോ, അവരുടെ സ്മരണകൾക്ക് പാട്ടുകെട്ടി മായാതെ നിലനിർത്തിയല്ലോ. മാണിക്യ മലരായ പൂവി..,  മക്കത്തെ രാജാത്തിയായി വാണിടും ഖദീജാബി.., പുതപ്പിട്ടു മൂടൂ ഖദീജാ.., ചേർത്തൊന്നണക്കൂ ഖദീജാ.. മലയാളത്തിന്റെ താളസ്വരങ്ങളിൽ ഖദീജ ബീവി തെളിയുന്നത് എന്തു ചമത്കാരത്തോടെയാണ്. 

ഖദീജയാവുക എന്നതു തന്നെയാണ് വിശ്വാസി സ്ത്രീകളുടെ മുന്നിലെ വഴിയും വിമോചനവും.