കറുത്ത യുഗം
കറുത്ത യുഗം എന്നാണ് തിരുനബി(സ) കടന്നു വരുന്നതിനു മുമ്പുള്ള കാലഘട്ടത്തെ ചരിത്രകാരന്മാർ വിശേഷിപ്പിച്ചത്. തിരുനബി ആഗതമാകുന്നതിന് മുമ്പുള്ള മക്കയുടെയും മദീനയുടെയും ചരിത്രം പരിശോധിച്ചാൽ നമുക്കിത് വ്യക്തമാകും. ലക്ഷ്യബോധമില്ലാതെയാണ് അക്കാലത്തുള്ളവർ ജീവിച്ചത്. പെണ്‍കുഞ്ഞ് ജനിക്കുന്നത് അപമാനമായി കണ്ട സമൂഹം. നിസ്സാര കാര്യങ്ങൾക്ക് വർഷങ്ങളോളം പിണങ്ങിയും യുദ്ധം ചെയ്തും ജീവിച്ചു പോന്നവർ.
അൽ അമീൻ സംസ്കരണ ദൗത്യം
ഇങ്ങനെയുള്ള സമൂഹത്തിലേക്കാണ് തിരുനബി(സ) ഭൂജാതനാകുന്നത്. അവരെ സംസ്‌കരിച്ചെടുക്കാനുള്ള ദൗത്യവുമായി വരുന്നത്. ആദ്യം തിരുനബി(സ) ജീവിച്ചു കാണിച്ചു കൊടുത്തു. നാൽപ്പത് വർഷം മക്കക്കാർക്ക് അൽ അമീനായിരുന്നു. കളവോ വഞ്ചനയോ അസാംസ്‌കാരികമായ പ്രവൃത്തികളൊ ഇല്ലാത്ത സംശുദ്ധമായ ജീവിതം. പിന്നീട് തന്റേതായ ഒരു സമൂഹത്തെ വളർത്തിയെടുത്തു. പതിയെ പതിയെ അവർക്ക് വിജ്ഞാനത്തിന്റെ ദിവ്യ വെളിച്ചങ്ങൾ പകർന്നു നൽകി. സ്‌നേഹവും കരുണയും ജീവിച്ചു കാണിച്ചു കൊടുത്തു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അഭികാമ്യമല്ല എന്നുണർത്തി. എല്ലാവിധ അക്രമങ്ങളുടെയും ആണിക്കല്ലായ മനസ്സിലെ അഹന്തയും അസൂയയും കഴുകിക്കളഞ്ഞു. അവിടെ സ്‌നേഹം വിതച്ചു. അങ്ങനെ അപരിഷ്‌കൃതരെ അഭിമാനികളും മാതൃകാപുരുഷന്മാരുമാക്കിയെടുത്തു. എന്റെ സ്വഹാബ നക്ഷത്ര തുല്യരാണ്, അവരിൽ ആരെ പിന്തുടർന്നാലും സന്മാർഗം പുൽകാം എന്ന് തിരുനബിക്ക് പ്രഖ്യാപിക്കാൻ ആത്മവിശ്വാസമേകുന്ന നിലയിലെത്തി അവർ.
സമകാലിക പ്രസക്തി
നമ്മിൽ ആർക്ക് കഴിയും ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താൻ. തന്റെ ശിഷ്യ സമൂഹത്തെയോ അനുയായികളെയോ മുഴുവൻ മുന്നിൽ വെച്ച് ഇവരിലൊരാൾക്കും ഒരു പുഴുക്കുത്തുമില്ല, ഞാൻ ഗ്യാരന്റി എന്ന് പ്രഖ്യാപിക്കാൻ ശേഷിയുള്ള വ്യക്തിയോ ഇസങ്ങളോ നിലവിലുണ്ടോ. പ്രവാചകാധ്യാപനങ്ങളുടെ ശക്തിയാണത്. നബിജീവിതത്തിന്റെ സംശുദ്ധിയാണത്. അവിടുന്ന് പ്രചരിപ്പിച്ച ആശയത്തിന്റെ അർഥഗാംഭീര്യതയാണ് അത് വിളിച്ചോതുന്നത്. ഇതുതന്നെയാണ് തിരുനബിയുടെ സമകാലിക പ്രസക്തിയും. ആറാം നൂറ്റാണ്ടിനു സമാനമായ അതിലും കഠിനമായ അധാർമികതകൾ നിറഞ്ഞ പുതിയ യുഗം. പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയതിന് പകരം ജനിക്കുന്നതിന് മുമ്പ് തന്നെ ലിംഗനിർണയം നടത്തി ഭ്രൂണഹത്യക്കിരയാക്കുന്ന കാലഘട്ടം. അന്ന് പേരിനെങ്കിലും കൊല്ലപ്പെടാൻ കാരണമുണ്ടായിരുന്നെങ്കിൽ, മരിച്ചുവീഴുന്നതെന്തിനെന്നറിയാത്ത മനുഷ്യരുടെ പുതിയകാലം. ലോകത്ത് ആർക്കും ആരെയും വിശ്വാസമില്ല. എല്ലാവരും കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞവർ. മാതൃ-പിതൃ-ഗുരു ബന്ധങ്ങളെല്ലാം നിരർഥകമായ കാലം. തീർച്ചയായും തിരുനബി(സ)യുടെ അധ്യാപനങ്ങൾക്ക് ഇന്ന് പ്രസക്തിയുണ്ട്. മനുഷ്യനെ കൂടുതൽ നല്ല മനുഷ്യനും സംസ്‌കാരത്തെ നല്ല സംസ്‌കാരവുമാക്കാനുതകുന്ന പ്രവാചകാശയങ്ങളെ മുഴുവൻ സമൂഹത്തിനും പകർന്നു നൽകുക. കാലഘട്ടം ഇതിനായി ദാഹിക്കുന്നു.
ബഹുസ്വരതയുടെ വിശാലത
മഅ്ദിൻ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രവാചക പാരമ്പര്യത്തിലെ ബഹുസ്വരത എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തവരിൽ പ്രമുഖനായിരുന്നു പ്രശസ്ത പണ്ഡിതനും ഗ്രന്ഥരചയിതാവും ഇബ്‌നു അറബി ഫൗണ്ടേഷനിലെ ഫാക്കൽറ്റിയുമായ എറിക് അബുമുനീർ വിങ്കിൾ. എന്തായിരുന്നു ഇസ്ലാമിലേക്ക് വരാനുള്ള കാരണം എന്ന് ഒരു സൗഹൃദ സംഭാഷണത്തിൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, എല്ലാവരെയും തുല്യമായി ഉൾക്കൊള്ളാൻ സാധിക്കുന്ന വിശാലതയാണ് തന്നെ ഇസ്ലാമിലേക്ക് ആകർഷിച്ചതെന്നായിരുന്നു. വളരെ ചെറുപ്പത്തിലേ നന്നായി വായിക്കുന്ന വ്യക്തിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ എന്റെ അന്വേഷണ പഠന മേഖലയിലേക്ക് എല്ലാ മതങ്ങളും കടന്നുവന്നു. ലോകത്തുള്ള മറ്റെല്ലാ സെമിറ്റിക് മതങ്ങളും ചില പ്രവാചകരെ അംഗീകരിക്കുമ്പോൾ മറ്റു ചിലരെ നിഷേധിക്കും. എന്നാൽ ഇസ്ലാം എല്ലാവരെയും തുല്യമായി അംഗീകരിക്കുന്നു. ഇതെന്നെ വല്ലാതെ ആകർഷിച്ചു.
മൂല്യബോധമുള്ള മനുഷ്യൻ
ഇസ്ലാമിക ആശയങ്ങളെല്ലാം ഇങ്ങനെയാണ്. മലിന മനസ്സുകളെ സംസ്‌കരിക്കാനും സമൂഹത്തിൽ വേരുറച്ചുവരുന്ന ഉച്ഛനീചത്വങ്ങളെ പിഴുതെറിയാനും അതിന് ശേഷിയുണ്ട്. സർവ മേഖലകളിലും ആധുനികമായ വികസനങ്ങൾ ശക്തിയാർജിച്ചുവരുന്ന പുതിയ കാലത്തിന് ഇനി ആവശ്യം മൂല്യബോധമുള്ള മനുഷ്യനെ സൃഷ്ടിക്കുകയെന്നതാണ്. അല്ലെങ്കിൽ ഈ വളർച്ചകളെല്ലാം മനുഷ്യരുടെ നാശത്തിനാണ് വഴിയൊരുക്കുക. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോൾ ആധുനിക ഫലസ്തീനിലും അതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
