മുത്തുനബിയെ(സ്വ) പറ്റി ഒരു ലേഖനം എഴുതണമെന്ന് സുന്നിവോയ്സ് ഓഫീസിൽ നിന്ന് ഒരു വിളി. എങ്ങനെ തുടങ്ങണം എന്ന് ഏറെ ആലോചിച്ചപ്പോൾ വെല്ലു സ്താദ് അന്നൊരിക്കൽ ക്ലാസിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ സംഭവം ഓർമ്മ വന്നു. അങ്ങനെ, ഇങ്ങനെ എഴുതി..
താഴെ ഒരു സംഭവം പറയുന്നുണ്ട് സൂക്ഷ്മമായി വായിക്കണം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുലൈമാൻ ഉസ്താദിനെ കാണാൻ ചെന്നിരുന്നു. തീർത്തും യാദൃശ്ചികം, ഉസ്താദിൻറെ വീട്ടിൽ അന്ന് പ്രാർത്ഥന ദിവസമായിരുന്നു. 13 വർഷം മുമ്പ് മരിച്ചു പിരിഞ്ഞ മകൻ അബ്ദുറഹ്മാൻ അഹ്സനിയുടെ പേരിലുള്ളതായിരുന്നു ആ ദുആസദസ്സ്.
പ്രിയപ്പെട്ട സുലൈമാൻ ഉസ്താദിന് ജീവിതത്തിൽ ഏറ്റവും പ്രധാനം ദർസാണ്. ദർസ് ഒഴിവാക്കാൻ പൊതുവേ എന്നല്ല അപൂർവമായി പറയാറുള്ള കാരണങ്ങൾക്ക് പോലും ഉസ്താദിന്റെ അടുത്ത് അംഗീകാരം കിട്ടില്ല. ശാരീരിക അസ്വസ്ഥത വന്നാൽ പോലും ദർസ് മുറയ്ക്ക് നടന്നിരിക്കും. ആയിടക്ക് ഒരുനാൾ മകൻ അബ്ദുറഹ്‌മാൻ മരണപ്പെട്ടു.
വീട്ടിലെ ചിരിയും കളിയും ഓട്ടവും ഓർമകളും എല്ലാം ചേർന്നൊരു കഷണം ഹൃദയത്തിൽനിന്ന് മുറിച്ചെടുത്ത ദിവസം.
സ്വാഭാവികമായും പലരും പിറ്റേന്ന് ഉസ്താദിനെ കാണാനും ആശ്വസിപ്പിക്കാനും വീട്ടിലേക്കു ചെന്നു. ചെന്നവരോട് വീട്ടുകാർ പറഞ്ഞു:
“ഉസ്താദ് ഇവിടെ ഇല്ല. കോളേജിലാണു.”
കേട്ടവർ ആദ്യമൊന്ന് അമ്പരന്നിരിക്കണം. സ്വന്തം മകന്റെ ഖബറിലെ മണ്ണ് ഉണങ്ങുന്നതിനുമുമ്പ് ഒരാൾ എങ്ങനെയാണ് കിതാബ് തുറന്ന് കുട്ടികളുടെ മുമ്പിലിരിക്കുന്നത്? അക്ഷരങ്ങൾ കണ്ണിൽ തെളിയുമോ? വാക്കുകൾ തൊണ്ടയിൽനിന്നു പുറത്തുവരുമോ? ഓരോ വാചകത്തിനിടയിലും മകന്റെ മുഖം വന്നു നിൽക്കില്ലേ?
പക്ഷേ അതായിരുന്നു സുലൈമാൻ ഉസ്താദ്.
സ്വന്തം ദുഃഖം ഒരു വശത്തുവെച്ച് ദർസിന്റെ അമാനത്ത് മറ്റൊരു വശത്ത് എടുത്തുനടക്കുന്ന കെല്പാണ് ഉസ്താദ്. വേദനയില്ലാത്തതുകൊണ്ടല്ല. വേദനയേക്കാൾ ഉത്തരവാദിത്വത്തെ മുന്നിലിരുത്താൻ പരിശീലിച്ച മനസ്സായതുകൊണ്ട്.
അങ്ങനെയുള്ള സുലൈമാൻ ഉസ്താദ് ഒരിക്കൽ സ്വഹീഹുൽ ബുഖാരി ദർസ് നടത്തുകയാണ്.
ഹദീസിന്റെ ഒഴുക്കിനിടയിൽ ഫാത്വിമ ബീവി رضي الله عنها പരാമർശിക്കപ്പെടുന്ന ഭാഗമെത്തി. വീട്ടിലെ കഠിനമായ ജോലികൾ കൊണ്ട് അവരുടെ പരിശുദ്ധമായ രണ്ടു കൈകളും വേദനിച്ചിരുന്നു. തിരികല്ല് തിരിച്ചും വെള്ളം ചുമന്നും വീട്ടുപണികൾ ചെയ്തും കൈകളിൽ പാടുകൾ വീണിരുന്നു. മകളുടെ ബുദ്ധിമുട്ട് കണ്ട് അലിയാർ رضي الله عنه പറഞ്ഞു: മുത്തുനബിയുടെ അടുത്ത് ചില സേവകരെത്തിയിട്ടുണ്ടെന്നു കേൾക്കുന്നു; ഉപ്പയോട് ചെന്നു ഒരാളെ ചോദിച്ചുനോക്കൂ.
ഇത്രയേ ക്ലാസിൽ എത്തിയുള്ളൂ.
“ഫാത്വിമ ബീവിയുടെ കൈകൾ വേദനിച്ചു” എന്നു പറഞ്ഞപ്പോഴേക്കും സുലൈമാൻ ഉസ്താദിന്റെ ശബ്ദം ഒന്ന് വിറച്ചു.
ആദ്യമൊരു ചെറിയ ഇടർച്ച.
വാക്കിന്റെ അറ്റത്ത് പിടിവിട്ടതുപോലെ.
പിന്നെ കൺവട്ടം കണ്ണീർ പാടമായി.
ഉസ്താദ് വീണ്ടും വായിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. തൊണ്ടയിൽ എന്തോ വന്നു മൂടിനിന്നു. ഒടുവിൽ തുടർന്നു ക്ലാസെടുക്കാൻ കഴിയാതെ കിതാബ് അടച്ച് ഉസ്താദ് ഇറങ്ങിപ്പോയി.
സ്വന്തം മകൻ മരണപ്പെട്ടിട്ടും പിറ്റേന്ന് ദർസ് മുടക്കാതിരുന്ന മഹാനാണ്.
പക്ഷേ മുത്തുനബിയുടെ മകളുടെ കൈ വേദനിച്ച കഥ പറയുമ്പോൾ ദർസ് പൂർത്തിയാക്കാൻ കഴിയാതെ പുറത്തേക്കു പോയി.
ഈ സംഭവം നേരിട്ട് അനുഭവിച്ച എന്റെ ഉള്ളിൽ ഒരു ചോദ്യം കിടപ്പുണ്ട്.
ഉസ്താദിന് സ്വന്തം മകനോട് സ്നേഹമില്ലാഞ്ഞിട്ടാണോ?
അല്ല.
മകന്റെ മരണം ഉസ്താദിനെ വേദനിപ്പിച്ചില്ലേ?
തീർച്ചയായും വേദനിപ്പിച്ചു.
പിന്നെ സ്വന്തം വീട്ടിലെ ഏറ്റവും വലിയ വേദനയെ നെഞ്ചിനകത്ത് പിടിച്ചുനിർത്തിയ മനുഷ്യന്റെ കരുത്ത്, ആയിരത്തിനാനൂറിലേറെ വർഷം മുമ്പ് മദീനയിലെ ഒരു ചെറിയ വീട്ടിൽ ഫാത്വിമ ബീവി എന്ന പെൺകുട്ടിയുടെ കൈ വേദനിച്ചെന്നു കേട്ടപ്പോൾ എവിടെപ്പോയി?
അത് സാധാരണ സങ്കടത്തിന്റെ കണക്കിൽ പിടിക്കാവുന്ന കാര്യമല്ല.
അവിടെ പ്രവർത്തിച്ചത് രക്തബന്ധമല്ല.
വിവാഹബന്ധമല്ല. സുഹൃത്ത് ബന്ധമല്ല. അത് പ്രമാണം വെച്ചുള്ള ഒരു കർമ്മമല്ല. ഫാത്തിമ ബീവിയുടെ കൈകൾ വേദനിച്ചു എന്ന വരികൾ വായിക്കുമ്പോൾ എഴുന്നേറ്റ് നടക്കണം എന്ന് പറയുന്ന ഒറ്റ ആയത്തുമില്ല. ഒറ്റ ഹദീസും ഇല്ല. ഒരൊറ്റ മഹാനും അങ്ങനെ ആജ്ഞാപിച്ചിട്ടില്ല. പിന്നെ ഇതെന്തു പുതുമ?
ആ ബന്ധം രൂപപ്പെട്ടുകഴിഞ്ഞാൽ അവിടുത്തെ വീട്ടിലെ വേദന നമ്മുടെ വീട്ടിലെ വേദനയായി മാറും. ഫാത്വിമ ബീവിയുടെ കൈയിലെ പാട് നമ്മുടെ ഉള്ളിൽ തറച്ച മുള്ളായി തീരും നീറും. ഉഹുദിൽ മുത്തുനബിയുടെ തിരുമുഖം മുറിഞ്ഞത് ചരിത്രപുസ്തകത്തിലെ ഒരു സംഭവമായി കല്ലിക്കില്ല; പകരം നമ്മുടെ ഉള്ളിലെ ചൂളയായി ഉരുകും. ത്വാഇഫിലെ രക്തം പതിനാലു നൂറ്റാണ്ട് പഴക്കമുള്ള ഉണങ്ങിയ രക്തമായി കട്ടക്കുകയില്ല; ഓർക്കുന്ന ഓരോ ഹൃദയത്തിലും പുതുതായി വീഴുന്ന ചോരമഴയാകും.
ഇവിടെയാണ് പ്രവാചകപ്രണയം എന്താണെന്ന് നമ്മൾ പഠിക്കേണ്ടത്.
ചിലർക്കത് ഹൃദയത്തിൽനിന്ന് തലയിലേക്കാണ് പടരുന്നത്.
സുലൈമാൻ ഉസ്താദിനെപ്പോലുള്ളവർ ആദ്യം മുത്തുനബിയെ ഉള്ളിൽ സ്വീകരിച്ചവരാണ്. തിരുജീവിതത്തോടുള്ള ദീർഘസഹവാസം, ഹദീസുകളുമായുള്ള നിരന്തരബന്ധം, സ്വലാത്ത്, ദർസ്, ഗുരുപരമ്പരകളിലൂടെ ലഭിച്ച ആത്മീയ രുചി—ഇവയെല്ലാം ചേർന്ന് അവിടുത്തെ ഹൃദയത്തിനകത്ത് മുത്തുനബിയെ ഒരു ചരിത്രപുരുഷനായി അല്ല, ജീവിച്ചിരിക്കുന്ന സാന്നിധ്യമായി സ്ഥാപിച്ചുകഴിഞ്ഞു.
അതുകൊണ്ട് ഫാത്വിമ ബീവിയുടെ കൈവേദന കേൾക്കുമ്പോൾ ഉസ്താദ് ആദ്യം തെളിവുകൾ പരിശോധിക്കുന്നില്ല. സംഭവം ഏത് അധ്യായത്തിലാണ്, അതിന്റെ സനദ് എന്താണ്, ഭാഷാപരമായ സൂചനയെന്താണ് എന്നൊന്നും തലച്ചോർ ആദ്യം ചോദിക്കുന്നില്ല. ഹൃദയം നേരെ ആ വീട്ടിലേക്കു ചെന്നെത്തുന്നു.
ഒരു ചെറിയ മുറി.
തിരികല്ല് തിരിച്ചുതളർന്ന മകൾ.
അവരുടെ കൈയിലെ പരുക്കുകൾ.
മകളുടെ വിഷമം കാണുന്ന ഉപ്പ.
രാത്രിയിൽ അവളെയും ഭർത്താവിനെയും സമീപിച്ച് ദുനിയാവിലെ ഒരു സേവകനേക്കാൾ വിലയേറിയ തസ്ബീഹ് പഠിപ്പിക്കുന്ന മുത്തുനബി ﷺ.
ഈ രംഗം ഉസ്താദ് വായിക്കുകയല്ല.
കാണുകയാണ്.
കേൾക്കുകയല്ല.
അകമാൽ അനുഭവിക്കുകയാണ്.
അതിനാലാണ് അനിയന്ത്രിതമായ കണ്ണുനീർ വരുന്നത്.
അവിടെ മനസ്സിന്റെ പ്രണയം തലച്ചോറിനെ ഭരിക്കുകയാണ്.
ഇനി വേറൊരു കൂട്ടരുണ്ട്. അവർ ഇങ്ങനെ കരഞ്ഞുകൊണ്ടാവണമെന്നില്ല മുത്തുനബിയിലേക്കെത്തുന്നത്. അവർ ആദ്യം ചിന്തിക്കും. ചോദിക്കും. പഠിക്കും. ഒരു അനാഥനായി തുടങ്ങിയ മനുഷ്യൻ ലോകത്തിലെ ഏറ്റവും വലിയ ആത്മീയസമൂഹത്തെ എങ്ങനെ രൂപപ്പെടുത്തി? പ്രതികാരത്തിനുള്ള പൂർണശക്തി ലഭിച്ച ദിവസം മക്കക്കാർക്ക് പൊതുമാപ്പ് നൽകാൻ എങ്ങനെ കഴിഞ്ഞു? രാഷ്ട്രശിലപിയും കുടുംബനാഥനും ന്യായാധിപനും ഗുരുനാഥനും സുഹൃത്തും സഹപ്രവർത്തകനും—ഇത്രയും ഭാവങ്ങൾ ഒരേ ജീവിതത്തിൽ ഇത്ര മനോഹരമായി എങ്ങനെ ഒത്തുചേർന്നു?
അവർ സീറ: തുറക്കും.
ഹദീസ് വായിക്കും.
ചരിത്രത്തെ താരതമ്യം ചെയ്യും.
അവിടുത്തെ സാമൂഹികപരിഷ്‌കാരങ്ങൾ പഠിക്കും.
സ്ത്രീകളോടും കുട്ടികളോടും അടിമകളോടും ശത്രുക്കളോടും മൃഗങ്ങളോടുപോലും കാണിച്ച കരുണ പരിശോധിക്കും.
ഓരോ പേജ് കഴിയുമ്പോഴും തലച്ചോറിൽ വെളിച്ചം കൂടും. ആ വെളിച്ചം പതിയെ താഴേക്കിറങ്ങും. ഒരുദിവസം അറിയാതെ ഹൃദയത്തിൽ എത്തും. പിന്നെ ആദ്യം ഒരു മഹാനായ നേതാവായി പഠിച്ച മുഹമ്മദ് നബി ﷺ, അവരുടെ പ്രിയപ്പെട്ട ഹബീബായി മാറും.
ഒരാൾ ഹൃദയത്തിൽനിന്ന് തലയിലേക്കു നടക്കുന്നു.
മറ്റൊരാൾ തലയിൽനിന്ന് ഹൃദയത്തിലേക്കു നടക്കുന്നു.
വഴികൾ രണ്ടു.
എത്തിച്ചേരേണ്ട സ്ഥലം ഒന്ന്.
പക്ഷേ ചിലർ വഴിയിൽത്തന്നെ ഇരുന്നുപോകുന്നു.
ഒരുകൂട്ടർ പ്രണയത്തിന്റെ പേരിൽ കണ്ണുനീർ വരെയെത്തുന്നു; ജീവിതത്തിലേക്ക് എത്തുന്നില്ല. മറ്റൊരു കൂട്ടർ തെളിവുകളുടെ വഴിയിലൂടെ തലച്ചോറിലെത്തുന്നു; ഹൃദയത്തിലേക്ക് ഇറങ്ങുന്നില്ല.
ആദ്യത്തെ കൂട്ടരിൽ ചിലർ മുത്തുനബിയെ പാടും; പക്ഷേ അവിടുത്തെ സ്വഭാവം ജീവിതത്തിൽ കാണില്ല.
രണ്ടാമത്തെ കൂട്ടർ സുന്നത്തിനെപ്പറ്റി സംസാരിക്കും; പക്ഷേ അവിടുത്തെ സ്നേഹത്തിന്റെ ചൂട് മുഖത്ത് കാണില്ല.
രണ്ടും പൂർണമല്ല.
പ്രണയം പിന്തുടർച്ചയാകണം.
പിന്തുടർച്ച പ്രണയത്തിൽ നനയണം.
മുത്തുനബിയുടെ പേര് കേട്ട് കരയുന്ന കണ്ണ് ഒരു അനാഥന്റെ കണ്ണുനീരും കാണണം. സ്വലാത്ത് ചൊല്ലുന്ന നാവ് വീട്ടിലുള്ളവരെ വേദനിപ്പിക്കാതിരിക്കണം. സുന്നത്ത് കൃത്യമായി പാലിക്കുന്ന മനുഷ്യന്റെ മുഖത്ത് അവിടുത്തെ റഹ്മത്തിന്റെ ചെറിയൊരു വെളിച്ചമെങ്കിലും കാണണം.
ഇല്ലെങ്കിൽ നമ്മൾ അവിടുത്തെ വസ്ത്രത്തിന്റെ നിറം പഠിച്ചു; ഹൃദയത്തിന്റെ നനവ് പിടിച്ചെടുത്തില്ല.
അവിടുത്തെ ഭക്ഷണരീതി പഠിച്ചു; വിശന്നവനോടുള്ള സമീപനം സ്വീകരിച്ചില്ല.
അവിടുത്തെ നിസ്കാരം നോക്കി കണ്ടു; അവിടുത്തെ മാപ്പ് പഠിച്ചില്ല.
അവിടുത്തെ കൺപോള കണ്ടു; കണ്ണിലെ കരുണ കാണാതെപോയി.
ഇനി നമുക്ക് പരിചയമുള്ള ഏറ്റവും നല്ല മനുഷ്യനെ മനസ്സിൽ കൊണ്ടുവരാം.
ഒരു ഉസ്താദ്.
ഒരു സൂഫി.
ഒരു മഹാപണ്ഡിതൻ.
ഒരു വലിയ തങ്ങൾ.
അദ്ദേഹത്തിന്റെ അരികിലിരുന്നാൽ മനസ്സ് ശാന്തമാകുന്ന ഒരാൾ. അദ്ദേഹം ആരോടും കഠിനമായി സംസാരിക്കില്ല. പാവപ്പെട്ടവനെ കണ്ടാൽ കൈ വിടില്ല. വിദ്യാർത്ഥിയുടെ തെറ്റ് കണ്ടാൽ അപമാനിക്കാതെ തിരുത്തും. രാത്രി ആരും കാണാതെ കരയും. അദ്ദേഹത്തെ കാണുമ്പോൾ നമുക്ക് തോന്നും:
“ഇങ്ങനെയും മനുഷ്യരുണ്ടോ!”
ആ മഹാനെ ഒരു തുള്ളിയായി കരുതൂ.
ഇനി അതിലും വലിയൊരു മഹാനെ ചിന്തിക്കൂ. അദ്ദേഹം ഒരു ചെറിയ പൊയ്കയാണ്.
അതിലും പരിശുദ്ധവാനായ ഒരാളെ കാണൂ. അദ്ദേഹം ഒരു കൈത്തോടാണ്.
അതിലും അതിമഹാനായ മറ്റൊരാളെ ഓർക്കൂ. അതൊരു പുഴയാണ്.
അതിനേക്കാൾ വലിയൊരു മഹാത്മാവ് ഒരു മഹാനദിയാണ്. ആയിരങ്ങൾ അതിൽനിന്ന് കുടിക്കുന്നു. നൂറ്റാണ്ടുകൾ അതിന്റെ കരയിൽ പച്ചപിടിക്കുന്നു.
പക്ഷേ എല്ലാ തുള്ളികളും പൊയ്കകളും കൈത്തോടുകളും പുഴകളും നദികളും ഒടുവിൽ എവിടെയാണ് എത്തുന്നത്?
കടലിൽ.
നാം സ്നേഹിച്ച എല്ലാ ഔലിയാക്കളിലെയും വിശുദ്ധി, എല്ലാ ഉലമാക്കളിലെയും ജ്ഞാനം, എല്ലാ സൂഫികളിലെയും ആത്മീയസൗന്ദര്യം, എല്ലാ നല്ല മനുഷ്യരിലെയും കരുണ—ഇവയെല്ലാം ഓരോ തുള്ളികളാണെങ്കിൽ അവിടുന്ന് അതിന്റെ മഹാസാഗരമാണ്.
സുലൈമാൻ ഉസ്താദിന്റെ കണ്ണുനീർ ആ മഹാസാഗരത്തിൽനിന്ന് ആ ഹൃദയത്തിലെത്തിയ ഒരു തിരമാലയാണ്.
ഫാത്വിമ ബീവിയുടെ കൈവേദന പറഞ്ഞപ്പോൾ ഉസ്താദ് കരഞ്ഞത് ഒരു സ്ത്രീയുടെ കഷ്ടപ്പാട് കേട്ടതുകൊണ്ട് മാത്രമല്ല. അത് മുത്തുനബിയുടെ വീടായിരുന്നു. അവിടുത്തെ മകളായിരുന്നു. ആ വീട്ടിലെ ഒരു ചെറുവേദനപോലും തന്റെ നെഞ്ചിനകത്ത് സ്ഫോടനം ഉണ്ടാക്കും വിധം ഉസ്താദിന്റെ ഹൃദയം ആ കുടുംബത്തോടു ഒട്ടിയലിഞ്ഞു പോയിരുന്നു.
ഇതാണ് മഹബ്ബത്ത്.
പ്രിയപ്പെട്ടവന്റെ സന്തോഷം നമ്മുടെ സന്തോഷമാകുക.
അവിടുത്തെ വേദന നമ്മുടെ വേദനയാകുക.
അവിടുത്തെ ഇഷ്ടം നമ്മുടെ ഇഷ്ടത്തെ നിയന്ത്രിക്കുക.
അവിടുത്തെ വഴി നമ്മുടെ കാലുകളുടെ ദിശയാകുക.
അവിടുത്തെ ഉമ്മത്ത് നമ്മുടെ ഉത്തരവാദിത്വമാകുക.
അതുകൊണ്ടാണ് സഹാബികൾ മുത്തുനബിയുടെ ശരീരത്തിൽ ഒരു മുള്ള് തറയ്ക്കുന്നതിനെക്കാൾ സ്വന്തം ജീവൻ പോകുന്നതിനെ ഇഷ്ടപ്പെട്ടത്. അതുകൊണ്ടാണ് ഉഹുദിൽ അബൂത്വൽഹ رضي الله عنه സ്വന്തം നെഞ്ച് തിരുമേനിയുടെ മുമ്പിൽ കവചമാക്കിയത്. അതുകൊണ്ടാണ് അവരുടെ കൈ അമ്പുകളേറ്റ് തളർന്നിട്ടും പിന്മാറാതിരുന്നത്. അതുകൊണ്ടാണ് സ്വഹാബികൾ വുളൂവിന്റെ വെള്ളം പോലും നിലത്തു വീഴാൻ അനുവദിക്കാതിരുന്നത്.
അവർക്ക് ആദ്യം പ്രണയമായിരുന്നു.
ആ പ്രണയം അനുസരണമായി.
ആ അനുസരണം ത്യാഗമായി.
ആ ത്യാഗം ചരിത്രമായി.
നമ്മുടെ കാലത്ത് ആ പ്രണയം കണ്ണുനീരായി മാത്രം വന്നാലും അതിനെ ചെറുതാക്കരുത്. സുലൈമാൻ ഉസ്താദിന്റെ കണ്ണുനീരിനകത്ത് വലിയൊരു പഠനമുണ്ട്. ഒരാൾ പതിറ്റാണ്ടുകളോളം ഹദീസ് പഠിക്കുകയും പഠിപ്പിക്കുകയും സ്വലാത്ത് ചൊല്ലുകയും മഹാന്മാരുടെ സഹവാസത്തിൽ കഴിയുകയും ചെയ്താൽ ഒരുദിവസം മുത്തുനബിയുടെ വീട്ടിലെ ഒരു ചെറുവേദന അയാളുടെ സ്വകാര്യദുഃഖത്തെക്കാൾ ആഴത്തിൽ ഉള്ളിലേക്കിറങ്ങും.
അത് അഭിനയമല്ല.
വികാരപ്രകടനവുമല്ല.
ഹൃദയത്തിന്റെ ഖിബ്‌ല മാറിയതിന്റെ അടയാളമാണ്.
നമ്മുടെ ഹൃദയങ്ങളുടെ ഖിബ്‌ല എവിടെയാണ്?
നമ്മുടെ സ്വന്തം വേദന മാത്രം വലുതായി തോന്നുന്നിടത്തോ?
അതോ മുത്തുനബിയുടെ വേദനയും അവിടുത്തെ കുടുംബത്തിന്റെ വേദനയും ഉമ്മത്തിന്റെ വേദനയും നമ്മുടേതായി അനുഭവപ്പെടുന്നിടത്തോ?
സുലൈമാൻ ഉസ്താദ് കിതാബ് അടച്ച് ക്ലാസിൽനിന്നിറങ്ങിപ്പോയ ആ രംഗം ഞാൻ മനസ്സിൽ കാണാറുണ്ട്.
മേശപ്പുറത്ത് തുറന്നുകിടക്കുന്ന സ്വഹീഹുൽ ബുഖാരി.
മുന്നിൽ നിശ്ശബ്ദരായ വിദ്യാർത്ഥികൾ.
വാതിലിലൂടെ പുറത്തേക്കു നടക്കുന്ന ഉസ്താദ്.
കണ്ണിൽ വെള്ളം.
തൊണ്ടയിൽ മുറിഞ്ഞുനിന്ന വാക്കുകൾ.
അപ്പോൾ ആ ക്ലാസ് ശരിക്കും മുടങ്ങിയോ?
ഇല്ല.
ഒരുപക്ഷേ അന്നാണ് അവിടെ ഏറ്റവും വലിയ ദർസ് നടന്നത്.
വായിച്ചുകൊടുത്ത വാക്കുകളിലൂടെയല്ല.
വായിക്കാൻ കഴിയാതെ അടച്ചുവെച്ച കിതാബിലൂടെയാണ്.
ഉസ്താദ് പറഞ്ഞ വിശദീകരണത്തിലൂടെയല്ല.
പറയാൻ കഴിയാതെ പോയ കണ്ണുനീരിലൂടെയാണ്.
അന്നത്തെ പാഠത്തിന്റെ തലക്കെട്ട് എന്തോ ആവട്ടെ , വിദ്യാർത്ഥികൾ പഠിച്ചത് മറ്റൊന്നാണ്:
മുത്തുനബിയെ എങ്ങനെ സ്നേഹിക്കണം. അവിടുന്ന് ഒരു നബി മാത്രമായിരുന്നില്ല; മനുഷ്യരാശിയുടെ കണ്ണീരിൽ കൈവെച്ച ആശ്വാസമായിരുന്നു. അനാഥന്റെ നെഞ്ചിലെ ചൂടായിരുന്നു. അടിമയുടെ മോചനഗീതമായിരുന്നു. പാപിയുടെ പ്രത്യാശയായിരുന്നു. മർദ്ദി തൻറെ സമരവാക്യം ആയിരുന്നു. സ്നേഹത്തിന്റെ പരമാവധി രൂപമായിരുന്നു.
അതുകൊണ്ടുതന്നെ നബി ﷺയോടുള്ള പ്രണയം ഒരു വികാരമല്ല; അത് വിശ്വാസത്തിന്റെ ഹൃദയമിടിപ്പാണ്.
എന്നാൽ ഇന്നത്തെ കാലത്ത് ആ പ്രണയത്തെക്കുറിച്ച് രണ്ട് അറ്റങ്ങൾ നാം കാണുന്നു.
ഒരുകൂട്ടർ നബി ﷺയെക്കുറിച്ച് കണ്ണീരുണർത്തുന്ന ഗാനങ്ങൾ പാടുന്നു. മധുരമായ മദ്ഹുകൾ ആലപിക്കുന്നു. നാവിൽ മധുരമുണ്ട്; പക്ഷേ ജീവിതത്തിൽ സുന്നത്തിന്റെ സുഗന്ധം കാണാനില്ല. പ്രണയം പാട്ടിൽ അവസാനിക്കുന്നു.
മറ്റൊരുകൂട്ടർ പ്രവാചകസ്നേഹത്തെ അനുസരണത്തിന്റെ നേരിയ പച്ച ഞരമ്പുകളിൽ മാത്രം ഒതുക്കാൻ ശ്രമിക്കുന്നു. "സുന്നത്ത് പിന്തുടരുക" എന്നത് നിസ്സംശയം പ്രവാചകസ്നേഹത്തിന്റെ അനിവാര്യഫലമാണ്. എന്നാൽ അതുമാത്രമാണോ പ്രണയം? സ്നേഹം നിയമങ്ങളുടെ പട്ടികയിൽ മാത്രം അളക്കാൻ കഴിയുമോ?
അമ്മ കുഞ്ഞിനെ സ്നേഹിക്കുന്നത് ഭക്ഷണം കൊടുക്കുന്നതുകൊണ്ടു മാത്രം തെളിയിക്കാനാകുമോ? അവൾ കുഞ്ഞിന്റെ മണം ആസ്വദിക്കുന്നു, കുഞ്ഞ് ഉപയോഗിച്ച വസ്തുക്കൾ സൂക്ഷിക്കുന്നു, കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്നു, കുഞ്ഞ് നടന്ന വഴിയിലൂടെ നടക്കുമ്പോൾ പോലും കണ്ണ് നനയുന്നു.
പ്രണയം കടമയെക്കാൾ വിശാലമാണ്.
കടമ ചെയ്യിപ്പിക്കുന്നത് ബുദ്ധിയാണ്.
പ്രണയം ചെയ്യിപ്പിക്കുന്നത് ഹൃദയമാണ്.
യഥാർത്ഥ പ്രവാചകപ്രണയം ഈ രണ്ടിനെയും സമന്വയിപ്പിക്കുന്ന അത്ഭുതമാണ്.
അത് സുന്നത്തിനെ ഉപേക്ഷിക്കുന്ന വികാരവുമല്ല.
വികാരത്തെ ഉണങ്ങിച്ചുരുക്കുന്ന നിയമവാദവുമല്ല.
അത് അനുസരണത്തിന് ആത്മാവും ആത്മാവിന് അനുസരണവും നൽകുന്ന അഭൗമമായ ആർദ്രബന്ധമാണ്. എനിക്കൊരു സുഹൃത്തുണ്ട്; പേര് ഫൈസൽ എന്നാണ്. അഹസനിയാണ്. രണ്ടത്താണിയിലാണ്. സുലൈമാൻ ഉസ്താദിൻറെ ശിഷ്യനാണ്. കുണ്ടൂർ ഉസ്താദിന്റെ ചൂട് കിട്ടിയ ആളാണ്. ബാപ്പു ഉസ്താദിൻറെ തിരുമദ്ഹു കാവ്യങ്ങളിൽ കുതിർന്ന കുട്ടിയാണ്. സംസാരമധ്യേ തിരുറസൂലുല്ലാഹിയുടെ നാമം വരുമ്പോൾ വശം കെടുന്നതും തൊണ്ട കരക്കുന്നതും കണ്ണുനനയുന്നതും ഞാൻ എത്രയോ കണ്ടിട്ടുണ്ട്. നമുക്കെന്തേ ആ തിരുനാമം കേൾക്കുമ്പോൾ കണ്ണീർ വരാത്തത് എന്ന് ഓർത്തിട്ട് പോലും കണ്ണീർ വരുന്നില്ലല്ലോ.
أَمَا بَكَيْتَ عَلَى عَيْنٍ بِهَا جُمُدٌ
إِذْ لَمْ تَفُضْ عِنْدَ ذِكْرِ الْمُصْطَفَى بِدَمِ
സ്വല്ലല്ലാഹു മുഹമ്മദ്; സ്വല്ലല്ലാഹു അലൈഹിവസല്ലം!
