മുത്ത് നബി(സ): സ്നേഹവും അറിവും

മുത്ത് നബി(സ): സ്നേഹവും അറിവും

ഖുർആനായിരുന്നു പ്രവാചക സ്വഭാവം

ജീവിത കാലത്ത് മുത്ത് നബി(സ)യെ കാണാൻ ഭാഗ്യം ലഭിക്കാതെ പോയ ഒരു വിശ്വാസി ഒരിക്കൽ മഹതി ആഇശ ബീവിയെ സന്ദർശിച്ച് ഇപ്രകാരം ചോദിച്ചു; പ്രവാചകർ (സ) എങ്ങനെയുള്ള വ്യക്തി ആയിരുന്നു? “താങ്കൾക്കു ഖുർആൻ പരിചയമുണ്ടോ?” ആഇശ ബീവി (റ) അയാളോട് തിരിച്ചു ചോദിച്ച ശേഷം പറഞ്ഞു; “ഖുർആനായിരുന്നു പ്രവാചകരുടെ സ്വഭാവം.” അതായത് മനുഷ്യ സമൂഹത്തിന്റെ സമ്പൂർണ വിജയത്തിനു വേണ്ടി അല്ലാഹു നൽകിയ വിശുദ്ധ ഗ്രന്ഥത്തെ അടിമുടി സ്വന്തം ജീവിതത്തിലേക്ക് ആവാഹിച്ചെടുത്ത ജീവിതമായിരുന്നു തിരു ദൂതർ (സ)യുടേത് എന്നർഥം. മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിപ്പിനെയും ആ മനുഷ്യന്റെ ഈ ലോകത്തെയും പരലോകത്തെയും ദൗത്യങ്ങളെ കുറിച്ചുമുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യം പ്രവാചകർ (സ) യിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു. മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ചുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഏറ്റവും നന്നായി അറിയുന്നവരും തിരു ദൂതർ (സ) ആയിരുന്നല്ലോ. ആ ലക്ഷ്യങ്ങളെ സ്വന്തം ജീവിതത്തിലൂടെ പിൽക്കാല സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു മുത്ത് നബി (സ) ചെയ്തത്. ഖുർആൻ മനുഷ്യ രൂപം പൂണ്ടാൽ എങ്ങനെയുണ്ടാകുമോ അതായിരുന്നു പ്രവാചകർ (സ) എന്നാണു ആഇശ ബീവി പറഞ്ഞതിന്റെ സാരമെന്ന് മനസ്സിലാക്കാം.

ഉസ്‌വതുൻ ഹസന: ഉത്തമ മാതൃക

മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃകാ പുരുഷനാണ് റസൂൽ (സ). ഒന്നു പോലും ഒഴിയാതെ ശ്രേഷ്ഠമായ എല്ലാ സ്വഭാവങ്ങളും അതിന്റെ പൂർണാർഥത്തിൽ അല്ലാഹു ആവിഷ്‌കരിച്ചിരിക്കുന്നത് റസൂൽ (സ) യുടെ ജീവിതത്തിലാണ്. മുൻ കഴിഞ്ഞുപോയ എല്ലാ പ്രവാചകരുടെയും മികവുറ്റ സ്വഭാവ മഹിമകൾ നബി (സ)തങ്ങളിൽ ഒരുമിച്ചുകാണാം. എന്നു മാത്രമല്ല, പ്രവാചകർ (സ)യുടെ നിയോഗത്തോടെ പ്രവാചകർ (സ) തങ്ങളിലാണ് ആ മഹത്തായ സ്വഭാവങ്ങൾ എല്ലാം തന്നെ അതിന്റെ സമ്പൂർണത കൈവരിച്ചത്. സൃഷ്ടികളിൽ ഏറ്റവും ഉത്തമൻ മുത്ത് നബി (സ) ആണെന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. നിങ്ങൾക്ക് നബി(സ)യിൽ ഉത്തമമായ മാതൃകയുണ്ടെന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ എന്താണ് മനുഷ്യർ എന്ന നിലയിൽ നമ്മുടെ ദൗത്യം? ഓരോ മനുഷ്യരെ കുറിച്ചുമുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? സംശയമില്ല, പ്രവാചകർ (സ) എന്ന പൂർണതയെ അനുകരിക്കൽ മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം.

ഖുർആനും സുന്നത്തും: പിന്തുടരലിന്റെ മാർഗം

എങ്ങനെയാണ് ആ സമ്പൂർണതയെ നാം അനുകരിക്കുക? അതിനുള്ള എന്തു മാർഗമാണ് നമ്മുടെ മുന്നിലുള്ളത്? “രണ്ടു കാര്യങ്ങൾ നിങ്ങളിൽ ഉപേക്ഷിച്ചാണ് ഞാൻ അല്ലാഹുവിലേക്ക് യാത്ര പോകുന്നത്. ഖുർആനും എന്റെ പ്രവർത്തനങ്ങളും ആണ് ആ രണ്ട് കാര്യങ്ങൾ” എന്നു പറഞ്ഞുകൊണ്ടാണല്ലോ നബി (സ) തങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞത്. അല്ലാഹു പ്രവാചകർ (സ)ക്ക് നൽകിയ വിശുദ്ധ ഖുർആന്റെ വിശദീകരണമായിരുന്നല്ലോ അവിടുത്തെ പ്രവർത്തനങ്ങൾ. സുന്നത്തുകൾ എന്നറിയപ്പെടുന്ന ആ പ്രവർത്തനങ്ങളെ അനുകരിക്കൽ ആണ് പൂർണതയെ അനുകരിക്കാനുള്ള ഏക മാർഗം. പ്രവാചകർ (സ) യുടെ ഭക്ഷണ രീതികൾ, നിൽപ്പിന്റെയും ഇരിപ്പിന്റെയും ശൈലികൾ, കുടുംബ ബന്ധങ്ങൾ, വസ്ത്ര ധാരണ രീതികൾ, ചെരിപ്പിട്ടതിന്റെയും നഖം മുറിച്ചതിന്റെയും താടി മനോഹരമാക്കി വെച്ചതിന്റെയും മാതൃകകൾ, കൃഷി ചെയ്തതിന്റെയും അതിഥികളെ സത്കരിച്ചതിന്റെയും മര്യാദകൾ എന്നു തുടങ്ങി സർവതല സ്പർശിയായ ഒരു ജീവിത വീക്ഷണമാണ് സുന്നത്തുകൾ കൊണ്ട് അർഥമാക്കുന്നത്. ആ സുന്നത്തുകൾ ആണ് ഒരു വിശ്വാസിയുടെ ശരീഅത്ത്. ശരീഅത്ത് കൊണ്ട് എന്താണോ ലക്ഷ്യമാക്കുന്നത് അതു തന്നെയാണ് സുന്നത്തുകൾ കൊണ്ടുള്ള ലക്ഷ്യം. ആ സുന്നത്തുകളുടെ കളങ്ക രഹിതമായ പിന്തുടരലാണ് മനുഷ്യൻ എന്ന ശാരീരികാവസ്ഥയെ അല്ലാഹു വിഭാവനം ചെയ്തതുപോലെയുള്ള മറ്റൊരു മനുഷ്യാവസ്ഥയാക്കി മാറ്റുന്നത്.

സ്നേഹം: വിശ്വാസത്തിന്റെ വേര്

അവ്വിധം ഒരാള്‍ക്ക് പ്രവാചകരെ പിന്തുടരണമെങ്കിൽ അയാൾ ആ പ്രവാചകനെ ഇഷ്ടപ്പെടണം. ഇഷ്ടത്തിൽ നിന്നേ നിബന്ധനകൾക്ക് വിധേയമല്ലാത്ത അനുധാവനം ഉണ്ടാകുകയുള്ളൂ. “സ്വന്തം ശരീരത്തേക്കാളും പ്രിയ ജനങ്ങളെക്കാളും എന്നെ ഇഷ്ടപ്പെടുന്നതു വരെ നിങ്ങളുടെ ഈമാൻ പൂർണമാകുകയില്ല” എന്നു നമ്മെ പഠിപ്പിച്ചത് ആ റസൂൽ (സ) തങ്ങള്‍ തന്നെ ആണല്ലോ. അപ്പോൾ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നബി (സ) തങ്ങളോടുള്ള സ്നേഹം എന്നതു വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ ഭാഗം എന്നു പറഞ്ഞാൽ അപൂർണമായിപ്പോകും. കാരണം സ്നേഹം തന്നെയാണ് അവന്റെ വിശ്വാസം. വിശ്വാസത്തിന്റെ പൂർണതയെ നിർണയിക്കുന്ന ഒരു ഭാഗമല്ല അത്. മറിച്ച് വിശ്വാസത്തിൽ എത്തിപ്പിടിക്കാനുള്ള ഒരേയൊരു മാർഗമാണ്. റസൂൽ (സ)യോടുള്ള സ്നേഹമാണ് ഒരു മുസ്‌ലിമിനെ സൃഷ്ടിക്കുന്നത്. ആ സ്നേഹത്തിൽ നിന്നാണ് ഒരു മുസ്‌ലിമിന്റെ ഈ ലോകത്തെയും പരലോകത്തെയും കുറിച്ചുള്ള വീക്ഷണങ്ങൾ രൂപപ്പെടുന്നത്. എങ്ങനെ വസ്ത്രം ധരിക്കണം എന്നു മാത്രമല്ല, ഖുർആനെയും സുന്നത്തിനെയും എങ്ങനെ വ്യാഖ്യാനിക്കണം എന്ന കാര്യത്തിൽ പോലും ഒരു മുസ്‌ലിമിന്റെ വീക്ഷണത്തെ ചിട്ടപ്പെടുത്തുന്നത് ഈ സ്നേഹമാണ്.

കീഴടങ്ങലിലെ ശക്തി

റസൂൽ (സ)യോട് അങ്ങേയറ്റം വിധേയത്വം പുലർത്തുന്ന രീതിയിൽ ഒരാൾ പ്രവാചകർ (സ)യെ പ്രിയംവെച്ചു കഴിഞ്ഞാൽ അയാൾ പിന്നെ റസൂൽ (സ) തങ്ങളിൽ സ്വന്തം കർതൃത്വത്തെ ഇല്ലാതാക്കും. തന്റെ ചിന്താശേഷിയും കാര്യ കാരണങ്ങളെ വേർതിരിച്ചു കാണാനുള്ള കഴിവുകളും ആ സ്നേഹ ഭാജനത്തിനു മുന്നിൽ അടിയറവു വെക്കും. പ്രവാചകർ (സ) എന്ന സമ്പൂർണതക്കു മുന്നിൽ തന്റെ അധികാരത്തെ സമർപ്പിക്കും. എന്നു മാത്രമല്ല ആ കീഴടങ്ങലിനെ വിശ്വാസികൾ ബലഹീനതയായല്ല മനസ്സിലാക്കുന്നത്. മറിച്ചു ആ കീഴടങ്ങലിലാണ്, ആ അടിയറവു പറച്ചിലിലാണ് വിശ്വാസികൾ തങ്ങളുടെ ശക്തി കണ്ടെത്തുന്നത്. അധികാരത്തെ കുറിച്ചുള്ള ഒരു ബദൽ വീക്ഷണമാണിത്. അധികാരം പ്രധാനമായി കാണുന്ന ഒരു സമൂഹത്തെയും കാലത്തെയും സംബന്ധിച്ചിടത്തോളം ഈ വീക്ഷണം എളുപ്പം മനസ്സിലായിക്കൊള്ളണമെന്നില്ല. അപ്പോൾ ഒരാൾ റസൂൽ (സ) യെ പിന്തുടരുന്നത് അധികാരം കൈയാളാൻ വേണ്ടിയല്ല, അധികാരത്തെ ഉപേക്ഷിക്കാൻ വേണ്ടിയാണ്. അധികാരത്തെ പ്രതിയുള്ള ആഗ്രഹങ്ങൾ ഉപേക്ഷിച്ച ഒരാൾക്ക് മാത്രമാണല്ലോ മറ്റൊരാളെ അടിമുടി പിൻപറ്റാൻ കഴിയുക.

സ്നേഹത്തിൽ നിന്നുള്ള അറിവ്

തന്റെ സ്വത്വത്തെ റസൂൽ (സ) യോടുള്ള സ്നേഹത്തിൽ ലയിപ്പിച്ചു കഴിഞ്ഞ ഒരാൾക്ക് മാത്രമേ അല്ലാഹുവിനെയും അവന്റെ വിശുദ്ധ വചനങ്ങളെയും ഏറ്റവും നന്നായി മനസ്സിലാക്കിയ റസൂൽ (സ) യെ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അങ്ങനെ മനസ്സിലാക്കിയ ഒരാൾക്കേ നബിജീവിതത്തെ കുറിച്ചുള്ള ഏറ്റവും മികച്ച വിശദീകരണങ്ങൾ നൽകാൻ കഴിയുകയുള്ളൂ. ഏതൊരാൾക്കും പല ഉദ്ദേശ്യങ്ങൾ മുൻ നിർത്തി പ്രവാചകർ (സ) യുടെ ജീവിതത്തെ വായിക്കാനും മനസ്സിലാക്കാനും കഴിയും. അങ്ങനെ പലരും ചെയ്തിട്ടുമുണ്ട്. പക്ഷേ, എന്തു ഉദ്ദേശ്യമാണ് നിങ്ങളെ പ്രവാചകർ (സ)യിലേക്ക് എത്തിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്തൊരു ഉദ്ദേശ്യം മുൻ നിർത്തിയാണോ അല്ലാഹു നബി (സ) തങ്ങള്‍ക്കു ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥം നൽകിയത്, എന്തൊരു ഉദ്ദേശ്യം മുൻനിർത്തിയാണോ ആ വിശുദ്ധ ഗ്രന്ഥത്തെ നബി (സ) തങ്ങള്‍ ജീവിച്ചു കാണിച്ചത് ആ ഉദ്ദേശ്യത്തോടെ പ്രവാചകരെ സമീപിക്കുമ്പോഴേ ഒരാൾക്ക് അല്ലാഹുവിന്റെ സമ്പൂർണതയെ, തിരുനബി (സ) യെ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അതുമനസ്സിലാകണമെങ്കിൽ റസൂലിനെ പ്രിയം വെക്കണം. റസൂലിന്റെ ചര്യകളെ പ്രിയം വെക്കണം. അങ്ങനെയുള്ള ഒരാളുടെ വിശദീകരണങ്ങൾക്കേ ഇസ്‌ലാമിൽ വിലയുള്ളൂ. പ്രവാചക ചര്യകളെ കുറിച്ചു ഒരാൾ തെറ്റായ വ്യാഖ്യാനം നൽകുന്നു എന്നതിന്റെ അർഥം അയാൾ പ്രവാചകനെ വേണ്ടവിധം സ്നേഹിക്കുന്നില്ല എന്നാണ്. റസൂൽ (സ) യോടുള്ള സ്നേഹവും ഇസ്‌ലാമിനെ കുറിച്ചുള്ള ഒരാളുടെ അറിവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു സാരം. പലരും കരുതുന്നത് പോലെ അറിവിൽ നിന്നല്ല റസൂൽ (സ) യോടുള്ള സ്നേഹം ഉണ്ടാകേണ്ടത്. മറിച്ചു റസൂലിനോടുള്ള സ്നേഹത്തിൽ നിന്നാണ് ഇസ്‌ലാമിൽ അറിവ് തന്നെ ഉണ്ടാകുന്നത്. അങ്ങനെ ഉണ്ടാകുന്ന അറിവേ അറിവാകുകയുള്ളൂ.

സ്വഹാബികളുടെ സ്നേഹ മാതൃക

റസൂൽ (സ) യെ എങ്ങനെ സ്നേഹിക്കണം എന്നതിനു നമ്മുടെ മാതൃക സ്വഹാബികളാണ്. റസൂൽ (സ) അംഗശുദ്ധി വരുത്തിയ വെള്ളം കിട്ടാൻ മത്സരിച്ചവർ, നബി (സ)യെ ചുംബിക്കാൻ കാത്തു നിന്നവർ, അവിടുത്തെ ഭക്ഷണത്തിൽ നിന്നും അൽപ്പം കഴിക്കാൻ വേണ്ടി കൊതിച്ചവർ, അവിടുത്തെ ഉമിനീർ വായിലാക്കി കിട്ടാൻ ആഗ്രഹിച്ചിരുന്നവർ, നബി(സ) യുടെ കൈകൊണ്ടു ഒരു തലോടലിനു വേണ്ടി ക്ഷമയോടെ നിന്നവർ, ആ ശരീരത്തിൽ നിന്നുള്ള മുടി കൊണ്ടും രോമങ്ങൾ കൊണ്ടും ബറകത്ത് എടുത്തവർ….. ഇതൊക്കെയായിരുന്നു സ്വഹാബികൾ. ആ സ്നേഹ പ്രകടനങ്ങളെയെല്ലാം തന്നെ തിരുദൂതർ (സ) ശരി വെക്കുകയും ചെയ്തു. അല്ലാഹുവിന്റെ അംഗീകാരം ഉള്ള ശരികളായിരുന്നല്ലോ അവയെല്ലാം. നബി തങ്ങളോടുള്ള അങ്ങേയറ്റത്തെ സ്നേഹത്തിൽ നിന്നും അല്ലാഹു നമ്മെ അറിവുള്ളവരാക്കി മാറ്റട്ടെ. എല്ലാവർക്കും നബിദിനത്തിന്റെ സന്തോഷങ്ങൾ നേരുന്നു.