ഈ ലോകത്ത് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുത്ത് നബിﷺ യുടെ പ്രകാശമാണ്. ആ പ്രകാശത്തെ അല്ലാഹു ആമിന ബീവിയിലേക്ക് എത്തിച്ച വഴി വളരെ പവിത്രമാണ്. ഇരുണ്ട കാലഘട്ടം (Dark Age) എന്ന് വിശേഷിപ്പിക്കപ്പെട്ട കാലകട്ടത്തിലും അല്ലാഹു മുത്ത് നബിക്ക് ഒരുക്കിയ വഴി തീർത്തും കറകളഞ്ഞതായിരുന്നു .
നബി ﷺ അറബികളിലെ ഏറ്റവും ശ്രേഷ്ഠമായ കുടുംബങ്ങളിൽപ്പെട്ട, മഹത്തായ ഒരു കുടുംബത്തിലാണ് ജനിച്ചത്. തലമുറകളായി ഉത്തമ സ്വഭാവഗുണങ്ങളും പ്രശംസനീയമായ സൽപ്രവൃത്തികളും കൊണ്ട് പ്രസിദ്ധമായ കുടുംബമായിരുന്നു അവിടുത്തേത്.
അല്ലാഹു അവിടുത്തെ വംശത്തെ പ്രത്യേകം തിരഞ്ഞെടുത്തതിനെക്കുറിച്ച് മുത്ത് നബി ﷺ തന്നെ അരുളിയിട്ടുണ്ട്:
“ഇസ്മാഈൽ സന്തതികളിൽ നിന്ന് കിനാനയെയും, കിനാനയിൽ നിന്ന് ഖുറൈശിനെയും, ഖുറൈശിൽ നിന്ന് ബനൂ ഹാശിമിനെയും, ബനൂ ഹാശിമിൽ നിന്ന് എന്നെയും അല്ലാഹു തിരഞ്ഞെടുത്തു.” (സ്വഹീഹ് മുസ്ലിം, 2276)
പിതൃവംശപരമ്പര
മുഹമ്മദ് ﷺ → അബ്ദുല്ലാഹ് (റ) → അബ്ദുൽ മുത്വലിബ് (യഥാർത്ഥ പേര് ശൈബ) → ഹാശിം (യഥാർത്ഥ പേര് അംറ്) → അബ്ദുമനാഫ് → ഖുസയ്യ് → കിലാബ് → മുർറ → കഅ്ബ് → ലുഅയ്യ് → ഗാലിബ് → ഫിഹ്ർ → മാലിക് → നദ്റ് → കിനാന → ഖുസൈമ → മുദ്രിക → ഇല്യാസ് → മുദർ → നിസാർ → മഅ്ദ് → അദ്നാൻ.
മുത്ത് നബിയുടെ പൂർവികരെല്ലാം അതാത് കാലത്തെ പ്രശംസനീയമായ വ്യക്തിത്വങ്ങളായിരുന്നു.
അവസാനം പറഞ്ഞ അദ്‌നാന്‍ ഇസ്മാഈലുബ്‌നു ഇബ്‌റാഹീ(അ)മിന്റെ പരമ്പരയില്‍ നിന്നുള്ളവരാണ്.
നബി ﷺ യുടെ കുടുംബം ഖുറൈശിലെ ബനൂ ഹാശിം ആയിരുന്നു.
ഹാശിം എന്നവരുടെ യഥാർത്ഥ പേര് അംറ് എന്നായിരുന്നു. ഹജ്ജിന് എത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്നതിലും ഖുറൈശിന്റെ വ്യാപാരയാത്രകൾ ക്രമീകരിക്കുന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. തീർത്ഥാടകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന അദ്ദേഹത്തിന്റെ സേവനവുമായി ബന്ധപ്പെട്ടാണ് “ഹാശിം” എന്ന പേര് പ്രസിദ്ധമായത്.
ഹാശിമിന്റെ മകനായിരുന്നു അബ്ദുൽ മുത്വലിബ്, നബി ﷺ യുടെ വല്ലുപ്പ. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ശൈബ എന്നായിരുന്നു. മക്കയിൽ അദ്ദേഹത്തിന് വലിയ സ്ഥാനവും സ്വാധീനവുമുണ്ടായിരുന്നു. സംസം കിണർ വീണ്ടും കണ്ടെത്തി കുഴിച്ചെടുത്തത് അബ്ദുൽ മുത്തലിബായിരുന്നു.
മാതൃവംശപരമ്പര:
മുഹമ്മദ് ﷺ → ആമിന ബിൻത് വഹബ് (റ) → വഹബ് → അബ്ദുമനാഫ് → സുഹ്റ → കിലാബ് ഇബ്നു മുർറ
മുത്ത് നബി ﷺ യുടെ മാതൃകുടുംബം ബനൂ സുഹ്റ ആയിരുന്നു. അവിടുത്തെ ഉമ്മയായ ആമിന ബിൻത് വഹബ് رضي الله عنها ബനൂ സുഹ്റയിൽപ്പെട്ടവരായിരുന്നു. അവരുടെ വംശപരമ്പരയും കിലാബിൽ ചെന്ന് ചേരുന്നു.
അങ്ങനെ, പിതൃവംശത്തിൽ ബനൂ ഹാശിമിലൂടെയും, മാതൃവംശത്തിൽ ബനൂ സുഹ്റയിലൂടെയും,
ഖുറൈശ് എന്ന മാന്യതയും പാരമ്പര്യവും സൽസ്വഭാവവും നിറഞ്ഞ ഈ കുടുംബത്തിന്, ലോകത്തിന്റെ നേതാവ് മുത്ത് നബി ﷺ എന്ന മഹാസമ്മാനം അല്ലാഹു നൽകി.
