മാനവികതയുടെ പ്രവാചകൻ

മാനവികതയുടെ പ്രവാചകൻ

കാരുണ്യത്തിന്റെ പ്രവാചകൻ

ലോകത്തിന് മുഴുവനും അനുഗ്രഹമായിട്ടാണ് മുഹമ്മദ് നബിയെ(സ്വ) അല്ലാഹു നിയോഗിച്ചിട്ടുള്ളതെന്ന് വിശുദ്ധ ഖുർആൻ(21/107) വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കുമെല്ലാം കാരുണ്യമാണ് മുഹമ്മദ് നബി(സ്വ) എന്നതാണ് ഇതിന്റെ ശരിയായ അർഥം(തഫസീർ ജാമിഉൽ ബയാൻ).

നബിയ്യുർറഹ്‌മ: കാരുണ്യത്തിന്റെ പ്രവാചകൻ എന്നത് നബിയുടെ(സ്വ) വിശേഷണമാണ്(സ്വഹീഹ് മുസ്‌ലിം 2355). സ്രഷ്ടാവിന്റെ ദാനമായ കാരുണ്യമാണ് ഞാനെന്ന് നബി(സ്വ) പ്രസ്താവിച്ചത് ഇമാം ത്വബ്റാനിയും ഇമാം ബൈഹഖിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. അബൂ ഹുറയ്റ(റ) ഉദ്ധരിക്കുന്നു. ബഹുദൈവാരാധകരായ അമുസ്‌ലിംകൾക്ക് എതിരിൽ പ്രാർഥന നടത്താൻ നബിയോട്(സ്വ) ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് മറുപടി നൽകിയത് ഇപ്രകാരമാണ്; ഞാൻ ശപിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടവനല്ല. കാരുണ്യമാണ് എന്റെ നിയോഗം(സ്വഹീഹ് മുസ്‌ലിം 2599).

സർവ മനുഷ്യരോടും സൃഷ്ടികളോടും ദയാപൂർവവും കാരുണ്യത്തോടെയും ഇടപെടണമെന്നാണ് മുഹമ്മദ് നബി(സ്വ) നിർദേശിച്ചിട്ടുള്ളത്. മതമേതായാലും മതമേതുമില്ലെങ്കിലും സർവ മനുഷ്യരെയും മനുഷ്യരായി ഉൾക്കൊള്ളുകയും സർവ ആൾക്കാർക്കും മാനുഷിക പരിഗണന നൽകുകയും വേണമെന്ന മാനവികതയാണ് അവിടുന്ന് പഠിപ്പിച്ചത്.

മനുഷ്യമഹത്വം

വിശുദ്ധ ഖുർആൻ 17-ാം അധ്യായം 70-ാം വചനത്തിന്റെ ആശയം കാണുക: "മനുഷ്യർക്ക് നാം മഹത്വമേകിയിരിക്കുന്നു. കരയിലും കടലിലും അവർക്ക് നാം വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. ഉത്തമ ആഹാരം അവർക്കായി നാം നൽകുകയും ചെയ്തിരിക്കുന്നു". ഈ മഹത്വം മുസ്‌ലിമിനും അമുസ്‌ലിമിനുമുള്ളതാണെന്നാണ് ഇസ്‌ലാമിക പാഠം. മനുഷ്യന്റെ മൃതശരീരം നജസ്(മാലിന്യം) അല്ലെന്ന നിയമം അമുസ്‌ലിമിനും ബാധകമാണെന്നതിന് പ്രസ്തുത ഖുർആൻ വചനം രേഖയായി കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.

ഒരിക്കൽ ഒരു മുസ്‌ലിമും ജൂതനും തമ്മിൽ തർക്കമുണ്ടായി. സർവരേക്കാളും ശ്രേഷ്ഠർ മുഹമ്മദ് നബിയെന്ന് മുസ്‌ലിമും സർവരേക്കാളും ശ്രേഷ്ഠൻ മൂസാനബിയെന്ന് ജൂതനും; ഇതായിരുന്നു തർക്കം. തർക്കം കൈയാങ്കളിയിലെത്തി. ജൂതൻ പരാതിയുമായി നബിയെ(സ്വ) സമീപിച്ചു. മൂസാനബിയേക്കാൾ എന്നെ മഹത്വവത്കരിച്ച് സംഘട്ടനമുണ്ടാക്കരുതെന്ന് നബി(സ്വ) മുസ്‌ലിംകൾക്ക് നിർദേശം നൽകി പ്രശ്നം പരിഹരിച്ചു.

മനുഷ്യസൗഹാർദം

വിവിധ മതക്കാരും വ്യത്യസ്ത വിശ്വാസക്കാരുമാണെങ്കിലും മനുഷ്യരെല്ലാം കാരുണ്യവാനായ അല്ലാഹുവിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ പിൻതലമുറക്കാരുമാണെന്ന മനുഷ്യസൗഹാർദത്തിന്റെ ഏറ്റവും മനോഹരമായ സന്ദേശമാണ് മുഹമ്മദ് നബി(സ്വ) പകർന്നുനൽകിയത്.

മനുഷ്യസമൂഹമേ! ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നിങ്ങൾ എല്ലാവരെയും നാം സൃഷ്ടിച്ചത്. നിങ്ങളെ വിവിധ ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്. അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയൻ ഏറ്റവും ഭക്തിയുള്ളവരാകുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്(വിശുദ്ധ ഖുർആൻ 49/13).

മതത്തിൽ നിർബന്ധമില്ല

ഇസ്‌ലാം സത്യമാണ്. എന്നാൽ ഈ സത്യം സ്വീകരിക്കാൻ ബലപ്രയോഗമില്ല. മരണത്തിനപ്പുറമുള്ള ജീവിതത്തിൽ രണ്ടിന്റെയും ഫലം രണ്ടാണെങ്കിലും ഭൗതികലോകത്ത് ഇസ്‌ലാം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മുസ്‌ലിമിന്റെ മർമം വിശ്വാസമാണ്. ബലപ്രയോഗത്തിലൂടെ മുസ്‌ലിമാക്കാൻ കഴിയില്ല. മാതൃകാപരമായ ഈ നിലപാട് വിളംബരം ചെയ്ത നേതാവാണ് മുഹമ്മദ് നബി(സ്വ).

"മതത്തിൽ നിർബന്ധിക്കുന്ന പ്രശ്നമില്ല. കാരണം ദുർമാർഗത്തിൽ നിന്ന് വേർതിരിഞ്ഞ് സന്മാർഗം വ്യക്തമായിരിക്കുന്നു"(വിശുദ്ധ ഖുർആൻ 2/256).

താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാവരെയും സത്യവിശ്വാസികളാക്കാൻ കഴിയുമായിരുന്നു. എന്നിരിക്കെ സത്യവിശ്വാസികളാവാൻ താങ്കൾ ജനങ്ങളെ നിർബന്ധിക്കുകയോ?(വിശുദ്ധ ഖുർആൻ 10/ 99).

മുസ്‌ലിംകളല്ലാത്തവരെല്ലാം നശിച്ചുപോകണമെന്ന് ഒരിക്കൽപോലും മുഹമ്മദ് നബി(സ്വ) ആഗ്രഹിച്ചില്ല. സത്യം ഉൾക്കൊള്ളാൻ എല്ലാവർക്കും അവസരമുണ്ടാകട്ടെ എന്നേ അവിടുന്ന് ആഗ്രഹിച്ചിട്ടുള്ളൂ.

പർവതം മറിച്ചിടാത്ത കാരുണ്യം

പ്രവാചക പത്നി ആഇശ(റ) പറയുന്നു. ഉഹ്ദ് യുദ്ധത്തേക്കാൾ പ്രയാസമുള്ള ഒരു സാഹചര്യം അങ്ങേയ്ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് ഞാൻ നബിയോട്(സ്വ) ചോദിച്ചു. "അഖബ"യായിരുന്നു എനിക്കേറെ പ്രയാസമെന്ന് മറുപടി പറഞ്ഞ നബി(സ്വ) തുടർന്ന് ഇപ്രകാരം പറഞ്ഞു: "ആ പ്രയാസഘട്ടത്തിൽ ജിബ്‌രീൽ(അ) എന്നെ സമീപിച്ച് പറഞ്ഞു. താങ്കളുടെ ജനത താങ്കളോട് ചെയ്തത് അല്ലാഹുവിനറിയാം. പർവതങ്ങളുടെ ഉത്തരവാദിത്വമുള്ള മലക്കിനെ അല്ലാഹു താങ്കളിലേക്ക് അയക്കുന്നുണ്ട്. അവരുടെ കാര്യത്തിൽ താങ്കളുടെ താത്പര്യമെന്താണോ അത് കൽപിക്കാവുന്നതാണ്. ഉടനെ പർവതങ്ങളുടെ ചുമതലയുള്ള മലക്ക് എന്നെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: താങ്കൾ ആഗ്രഹിക്കുന്നതെന്തോ അത് എന്നോട് കൽപിക്കൂ. അതിനാണ് അല്ലാഹു എന്നെ അയച്ചിട്ടുള്ളത്. അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്? മക്കയിലെ പർവതങ്ങൾ കൊണ്ട് ഈ ജനങ്ങളെ നശിപ്പിച്ചാലോ? അപ്പോൾ റസൂൽ കരീം(സ്വ) മറുപടി പറഞ്ഞു: അത് വേണ്ട! സത്യം സ്വീകരിക്കാൻ സന്മനസ്സുള്ളവർ അവരുടെ പിൻതലമുറകളിലെങ്കിലും ഉണ്ടായാലോ എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ശത്രുക്കൾക്കും ഭക്ഷണം

സുമാമതുബ്നു ഉസ്മാൻ(റ) യമാമയിലെ പൗരപ്രമുഖനും ഗോത്രത്തലവനുമാണ്. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതിനുശേഷം ഉംറയ്ക്കുവേണ്ടി മക്കയിലെത്തി. നബി(സ്വ) മക്കയിൽനിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തതിനുശേഷം മക്ക ഫത്ഹിന് മുമ്പുള്ള കാലഘട്ടമാണ്. ഉംറക്കുവേണ്ടി മക്കയിലെത്തിയ സുമാമയെ(റ) മക്കയിലെ മുസ്‌ലിം ശത്രുക്കൾ പിടികൂടി കൊന്നുകളയാൻ ഉദ്ദേശിച്ചു. എന്നാൽ യമാമയിൽ നിന്ന് മക്കയിലേക്ക് വരുന്ന ഭക്ഷ്യവസ്തുക്കൾ തടയപ്പെടുമെന്ന ഭയംമൂലം സുമാമയെ(റ) അവർ വിട്ടയക്കാൻ തീരുമാനിച്ചു. അപ്പോൾ സുമാമ(റ) പറഞ്ഞു: മുഹമ്മദ് നബിയുടെ(സ്വ) സമ്മതമില്ലാതെ ഒരു ധാന്യമണി പോലും യമാമയിൽ നിന്ന് മക്കയിലേക്ക് കൊണ്ടുവരാൻ ഇനി ഞാൻ സമ്മതിക്കുകയില്ല. അദ്ദേഹം യമാമയിലെത്തിയതിനുശേഷം മക്കയിലേക്ക് ധാന്യം കയറ്റിക്കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി. ഉപരോധത്തിലായ മക്കക്കാർ യമാമയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ലഭിക്കാനായി മുഹമ്മദ് നബിക്ക്(സ്വ) കത്തയച്ചു. അപ്പോൾ മക്കയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ തടയരുതെന്നും അവർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ അവസരം നൽകണമെന്നുമാണ് മുഹമ്മദ് നബി(സ്വ) സുമാമക്ക്(റ) നിർദേശം നൽകിയത്(ഫത്ഹുൽ ബാരി).

സത്യമതത്തിന്റെ പേരിൽ ജന്മനാടായ മക്ക വിട്ടുപോകേണ്ടിവന്ന മുഹമ്മദ്നബി(സ്വ) ജേതാവായി മക്കയിലേക്ക് തിരിച്ചുവന്നപ്പോൾ തന്നെയും തന്റെ പ്രിയ അനുയായികളെയും ഏറെ ഉപദ്രവിച്ച ശത്രുക്കൾക്ക് പൊതുമാപ്പ് നൽകിയത് ചരിത്രത്തിൽ പ്രസിദ്ധമാണ്.

പ്രസിദ്ധമായ ഹജ്ജതുൽ വദാഇലെ അറഫാ പ്രസംഗത്തിൽ നബി(സ്വ) പറഞ്ഞു: "യഥാർഥ മുസ്‌ലിം. അവനിൽനിന്ന് മറ്റു മനുഷ്യരെല്ലാം സുരക്ഷിതരായിരിക്കും. യഥാർഥ സത്യവിശ്വാസിയാണെങ്കിൽ മനുഷ്യരുടെ ജീവനും സമ്പത്തും സുരക്ഷിതമായിരിക്കും"(ഇബ്നു ഹിബ്ബാൻ).

കാരുണ്യത്തിന്റെ ദിനം

മക്ക ഫത്ഹിന്റെ വേളയിൽ നബിയുടെ(സ്വ) ശിഷ്യനായ സ്അദ്(റ) ശത്രുപക്ഷത്തായിരുന്ന അബൂസുഫ്യാനോട്(റ) മാംസത്തിന് മാംസം കൊണ്ട് കണക്ക് തീർക്കാനുള്ള ദിവസമാണിതെന്ന് പറഞ്ഞ വിവരം നബി(സ്വ) അറിഞ്ഞു. മുഹമ്മദ് നബി(സ്വ) ഉടനെ അത് തിരുത്തി. എന്നിട്ടിപ്രകാരം വിളംബരം ചെയ്തു; "ഇത് പഴയ കണക്കുതീർക്കുന്ന ദിവസമല്ല. കാരുണ്യത്തിന്റെ ദിനമാണ്(ഫത്ഹുൽ ബാരി 9/ 577).

വർഗീയതയുടെ പേരിൽ, സ്വസമുദായ താത്പര്യത്തിന്റെ പേരിൽ ഏതെങ്കിലും വ്യക്തിയോടോ സമുദായത്തോടോ അനീതിയും അക്രമവും ചെയ്യുന്നത് മുഹമ്മദ് നബി(സ്വ) ഗൗരവപൂർവം നിരോധിച്ചിരിക്കുന്നു.

"സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് നേർമാർഗത്തിൽ ഉറച്ച് നിലകൊള്ളുന്നവരും നീതിയുടെ സാക്ഷികളുമാവണം. ഒരു ജനവിഭാഗത്തോടുള്ള വിരോധം നിങ്ങളെ അനീതിക്ക് പ്രേരിപ്പിക്കരുത്. നിങ്ങൾ നീതി പാലിക്കണം. അതാണ് ഭക്തിയുടെ മാർഗം. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. നിങ്ങളുടെ പ്രവർത്തനങ്ങൾ അവൻ സൂക്ഷ്മമായി അറിയുന്നുണ്ട്"(വിശുദ്ധ ഖുർആൻ 5/8). "നിങ്ങളെ മസ്ജിദുൽ ഹറാമിലേക്ക് വഴിതടഞ്ഞ ജനത്തോടുള്ള രോഷം അവർക്കെതിരെ അതിക്രമം പ്രവർത്തിക്കുവാൻ നിങ്ങളെ പ്രേരിപ്പിച്ചുകൂടാ. നന്മയിലും ഭക്തിയിലും നിങ്ങൾ പരസ്പരം സഹായിക്കണം. തിന്മയിലും അക്രമത്തിലും സഹകരിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുവീൻ. അവന്റെ ശിക്ഷ കഠിനമാകുന്നു"(വിശുദ്ധ ഖുർആൻ 5/2).

വർഗീയതയുടെ നിരോധനം

വർഗീയതയിലേക്ക് ക്ഷണിക്കുന്നവൻ നമ്മുടെ കൂട്ടത്തിൽ പെട്ടവനല്ല. വർഗീയതയുടെ പേരിൽ യുദ്ധം ചെയ്യുന്നവനും നമ്മുടെ കൂട്ടത്തിൽ പെടില്ല. വർഗീയതക്കുവേണ്ടി മരണം വരിച്ചവനും നമ്മിൽപെടില്ലെന്ന് നബി(സ്വ) പ്രഖ്യാപിച്ചു(അബൂദാവൂദ്). പ്രവാചക ശിഷ്യനായ വാസില(റ) ചോദിച്ചു: "തിരുദൂതരേ, എന്താണ് വർഗീയത?" നബി(സ്വ) മറുപടി നൽകി. അക്രമം ചെയ്യാൻ സ്വന്തം സമുദായത്തിന് കൂട്ടുനിൽക്കലാണ് വർഗീയത(അബൂദാവൂദ്). ഒരാൾ സ്വന്തം സമുദായത്തെ സ്നേഹിക്കുന്നത് വർഗീയതയാണോ എന്ന ചോദ്യത്തിന് അവിടുന്ന് മറുപടി നൽകി, അല്ല. പക്ഷേ, അക്രമം ചെയ്യാൻ സ്വന്തം സമുദായത്തെ സഹായിക്കുന്നത് വർഗീയതയാണ്(അബൂദാവൂദ്).

അമുസ്‌ലിമിന്റെ സുരക്ഷ

ഇസ്‌ലാമിക രാജ്യത്തെ പൗരനായ അമുസ്‌ലിമിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മാത്രമല്ല, അവനെ ഉപദ്രവിക്കുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിക്കുന്നു. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം. റസൂലുല്ലാഹി(സ്വ) പറഞ്ഞു: ഇസ്‌ലാമിക രാജ്യത്തെ പൗരനായ അമുസ്‌ലിമിനെ കൊന്നവൻ സ്വർഗത്തിന്റെ സുഗന്ധം പോലും അനുഭവിക്കില്ല(അഹ്‌മദ്, ബൈഹഖി, നസാഈ).

അബ്ദുല്ലാഹ്(റ) നിവേദനം: മുസ്‌ലിംകളുമായി സമാധാന കരാറിലേർപ്പെട്ട അമുസ്‌ലിമിനെ കൊന്നാൽ സ്വർഗത്തിന്റെ വാസനപോലും കിട്ടില്ല(ബുഖാരി 3166).

മുസ്‌ലിംകളോട് സമാധാനത്തിൽ കഴിയുന്ന അമുസ്‌ലിമിനെ ഉപദ്രവിക്കുകയോ ശകാരിക്കുകയോ അവന്റെ കഴിവനപ്പുറം അവനോട് കീർത്തിക്കുകയോ അവന്റെ ഇഷ്ടമില്ലാതെ അവന്റെ സമ്പത്ത് എടുക്കുകയോ ചെയ്താൽ അന്ത്യദിനത്തിൽ ഞാൻ അവന്റെ എതിർകക്ഷിയായിരിക്കും എന്നും നബി(സ്വ) അറിയിച്ചിട്ടുണ്ട്(ബൈഹഖി). കൊല്ലപ്പെട്ടവൻ അമുസ്‌ലിമാണെങ്കിലും ആ കൊലയാളിയോട് എനിക്ക് ബന്ധമില്ലെന്നാണ് അഹ്‌മദ്(റ) നിവേദനം ചെയ്ത നബിവചനത്തിലുള്ളത്.

മറ്റു മനുഷ്യരെല്ലാം തന്റെ നാവിൽനിന്നും കൈകളിൽനിന്നും സുരക്ഷിതരാകുമ്പോഴാണ് ഒരാൾ ഉത്തമ മുസ്‌ലിമാകുന്നതെന്ന് മുഹമ്മദ് നബി(സ്വ) പ്രഖ്യാപിച്ചിരിക്കുന്നു(അഹ്‌മദ് ഇബ്നു ഹിബ്ബാൻ).

പ്രസിദ്ധമായ ഹജ്ജതുൽ വദാഇലെ അറഫാ പ്രസംഗത്തിൽ നബി(സ്വ) പറഞ്ഞു: "യഥാർഥ മുസ്‌ലിം. അവനിൽനിന്ന് മറ്റു മനുഷ്യരെല്ലാം സുരക്ഷിതരായിരിക്കും. യഥാർഥ സത്യവിശ്വാസിയാണെങ്കിൽ മനുഷ്യരുടെ ജീവനും സമ്പത്തും സുരക്ഷിതമായിരിക്കും"(ഇബ്നു ഹിബ്ബാൻ).

സഹവാസവും സഹായവും

മുസ്‌ലിംകൾ അമുസ്‌ലിംകളുമായി മാന്യമായി ഇടപെടാവുന്നതും ഇടപാടുകൾ നടത്താവുന്നതുമാണ്. മുഹമ്മദ് നബി(സ്വ) അമുസ്‌ലിംകളുമായി സാമ്പത്തിക ഇടപാടുകൾ ചെയ്യാറുണ്ടായിരുന്നു(ബുഖാരി 2216). ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു ജൂതനിൽനിന്ന് പണത്തിന് അവധി നിശ്ചയിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കൾ വിലയ്ക്ക് വാങ്ങുകയും അവിടുത്തെ പടയങ്കി പണയമായി നൽകുകയും ചെയ്തിരുന്നു(ബുഖാരി 2092).

വർഗീയതയുടെ പേരിൽ, സ്വസമുദായ താത്പര്യത്തിന്റെ പേരിൽ ഏതെങ്കിലും വ്യക്തിയോടോ സമുദായത്തോടോ അനീതിയും അക്രമവും ചെയ്യുന്നത് മുഹമ്മദ് നബി (സ്വ) ഗൗരവപൂർവം നിരോധിച്ചിരിക്കുന്നു.

മുസ്‌ലിം-അമുസ്‌ലിം തർക്കങ്ങൾ സംഘട്ടനത്തിലേക്കെത്താതെ രമ്യമായി പരിഹരിക്കുന്നതായിരുന്നു നബിയുടെ(സ്വ) നിലപാട്. നിരവധി ഉദാഹരണങ്ങളുണ്ട്. അബൂ ഹുറയ്റ(റ) നിവേദനം. ഒരിക്കൽ ഒരു മുസ്‌ലിമും ജൂതനും തമ്മിൽ തർക്കമുണ്ടായി. സർവരേക്കാളും ശ്രേഷ്ഠർ മുഹമ്മദ് നബിയെന്ന് മുസ്‌ലിമും സർവരേക്കാളും ശ്രേഷ്ഠൻ മൂസാനബിയെന്ന് ജൂതനും; ഇതായിരുന്നു തർക്കം. തർക്കം കൈയാങ്കളിയിലെത്തി. ജൂതൻ പരാതിയുമായി നബിയെ(സ്വ) സമീപിച്ചു. മൂസാനബിയേക്കാൾ എന്നെ മഹത്വവത്കരിച്ച് സംഘട്ടനമുണ്ടാക്കരുതെന്ന് നബി(സ്വ) മുസ്‌ലിംകൾക്ക് നിർദേശം നൽകി പ്രശ്നം പരിഹരിച്ചു(മുസ്‌ലിം 2373),(ബുഖാരി 2411).

അമുസ്‌ലിംകളുമായി ബന്ധം നിലനിർത്തുന്നതിന് വിലക്കില്ല. അസ്മാഅ്(റ) പറയുന്നു: എന്റെ അമ്മ ബഹുദൈവ വിശ്വാസത്തിലായിരുന്നു. അവരുമായി ബന്ധം ചേർക്കാൻ പറ്റുമോ എന്ന് നബിയോട്(സ്വ) മതവിധി അന്വേഷിച്ചപ്പോൾ അവിടുന്ന് നൽകിയ മറുപടി ഇപ്രകാരമായിരുന്നു; അതെ, നീ നിന്റെ മാതാവിനോട് ബന്ധം ചേർക്കുക(ബുഖാരി 2620, മുസ്‌ലിം 1003). നിന്റെ മാതാപിതാക്കൾ നിന്നെ ബഹുദൈവ വിശ്വാസത്തിലേക്ക് കൊണ്ടുപോകാൻ തീവ്രമായി ശ്രമിക്കുന്നുവെങ്കിൽ അക്കാര്യത്തിൽ നീ അവരെ അനുസരിക്കരുത്. എന്നാൽ ഭൗതികലോകത്ത് നീ അവരോട് മാന്യമായി സഹവസിക്കണം(വിശുദ്ധ ഖുർആൻ 31/15).

ഭക്ഷണം, വസ്ത്രം, പാർപ്പിടം, രോഗചികിത്സ തുടങ്ങിയ മാനുഷിക കാര്യങ്ങളിൽ അമുസ്‌ലിംകൾക്കും സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവരെയും ചേർത്തുപിടിക്കണമെന്നുമാണ് മുഹമ്മദ് നബിയുടെ(സ്വ) നിർദേശം.

അബൂഹുറയ്റ(റ) റിപ്പോർട്ട് ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ഏത് മനുഷ്യനെ സഹായിക്കുന്നതും പ്രതിഫലാർഹമാണ്(ബുഖാരി 2363, മുസ്‌ലിം 2244). തിരുമൊഴികളിൽ ഏറെ പ്രസിദ്ധമാണ് "ഹദീസുർറഹ്‌മ" എന്ന പേരിലറിയപ്പെടുന്ന നബിവചനം. കാരുണ്യത്തിന്റെ മനോഹര സന്ദേശമാണ് പ്രസ്തുത നബിവചനം. "മുസൽസലു ബിൽ അവ്വലിയ്യ" എന്നും ഈ വചനത്തിന് പേരുണ്ട്. നിവേദക പരമ്പരയിലെ ഓരോ ഗുരുവും തന്റെ ശിഷ്യന് ആദ്യമായി പറഞ്ഞുകൊടുത്ത ഹദീസായതുകൊണ്ടാണ് പ്രസ്തുത പേരിലറിയപ്പെടുന്നത്. പ്രസ്തുത ഹദീസിന്റെ സാരം ഇപ്രകാരമാണ്. അബ്ദുല്ലാഹിബ്നു അംറ്(റ) റിപ്പോർട്ട് ചെയ്യുന്നു. നബി(സ്വ) പറഞ്ഞു. മറ്റുള്ളവർക്ക് കരുണ ചെയ്യുന്നവർക്കാണ് പരമകാരുണികനായ അല്ലാഹു കരുണ ചെയ്യുന്നത്. ഭൂമിയിലുള്ളവരോടെല്ലാം നിങ്ങൾ കരുണ കാണിക്കണം. എങ്കിൽ ആകാശത്തിന്റെ അധിപനായ അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യും(അബൂദാവൂദ്, ബൈഹാഖി, അഹ്‌മദ്).

അമുസ്‌ലിമിന് സഹായങ്ങളും സൗജന്യങ്ങളും ചെയ്യൽ അനുവദനീയമാണെന്നും സർവ മനുഷ്യരിലും പ്രതിഫലമുണ്ടെന്നും നബിവചനം ഇതിന് രേഖയാണെന്നും കർമശാസ്ത്രത്തിലെ ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്(തുഹ്ഫ 7/389, ഫതാവൽ കുബ്റാ 4/104).

മാനുഷിക കാര്യങ്ങളിൽ മുസ്‌ലിംകൾ അമുസ്‌ലിംകളോടും സഹകരിച്ചും സഹവസിച്ചും ജീവിക്കണമെന്ന് തന്നെയാണ് വിശുദ്ധ ഇസ്‌ലാം നിർദേശിച്ചിട്ടുള്ളത്. അതേസമയം തിന്മകളിൽ ആരോടും സഹകരണം പറ്റില്ലെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന നയമാണ്. ഇസ്‌ലാമിന് വിരുദ്ധമായ മറ്റു മതവിശ്വാസികളുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളിലൊന്നും മുസ്‌ലിം പങ്കാളിയാവാൻ പറ്റില്ല. അസത്യവും അബദ്ധവുമെന്ന് ഉറച്ച് വിശ്വസിക്കുന്ന കാര്യങ്ങളിൽ സഹായം ചെയ്യുന്നതും പങ്കാളിയാവുന്നതുമല്ല സൗഹാർദം. അത് കാപട്യമാണ്. വിശ്വാസാചാരങ്ങൾ പങ്കിടലാണ് സൗഹാർദമെന്ന ധാരണ ശരിയല്ല. മുസ്‌ലിം മുസ്‌ലിമായിത്തന്നെ ജീവിച്ചുകൊണ്ട് ഇസ്‌ലാമിക വിരുദ്ധമായ കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുമ്പോഴും മാനുഷിക കാര്യങ്ങളിൽ എല്ലാവരോടും സഹകരിച്ച് മാന്യമായി ഇടപെടുന്നതാണ് ഇസ്‌ലാമിന്റെ മനുഷ്യസൗഹാർദം.