മക്കാ വിജയം: വിജയത്തിന്റെ അർത്ഥം
മക്കാ വിജയം തിരുനബി(സ)യുടെ ചരിത്രത്തിലെ അതുല്യമായ അധ്യായമാണ്. ജനിച്ച നാട്ടിൽ നിന്ന് പലായനംചെയ്യേണ്ട സാഹചര്യമുണ്ടാക്കിയവരെ നിശ്ശബ്ദരാക്കി കഅ്ബാലയത്തിന്റെ തിരുമുറ്റത്ത് നിർഭയരായി സുജൂദ് ചെയ്തു എന്നതുകൊണ്ട് മാത്രമല്ല, വിജയം എന്നാൽ മറുപക്ഷത്തുള്ളവരുടെ നാശമല്ല എന്ന സന്ദേശത്തിന്റെ ആവിഷ്‌കരണം കൊണ്ട് കൂടിയാണ് മക്കാ വിജയം അതുല്യമാകുന്നത്.
യുദ്ധമൊഴിവാക്കാനുള്ള തന്ത്രം
മക്കയിലേക്ക് പ്രവേശിക്കുമ്പോൾ യുദ്ധമൊഴിവാക്കാനുള്ള തന്ത്രങ്ങളാണ് നബി(സ) പ്രയോഗിച്ചത്. പതാകയേന്തിയിരുന്നത് സഅ്ദ്ബ്നു ഉബാദ(റ)യായിരുന്നു. അബൂസുഫ്‌യാൻ(റ)വിന്റെ അരികിലെത്തിയപ്പോൾ സഅ്ദ്(റ) ഇങ്ങനെ പറഞ്ഞു: “ഇന്ന് പോരാട്ടത്തിന്റെ ദിവസമാണ്. പവിത്രതകൾ പരിഗണിക്കപ്പെടാത്ത ദിവസം.” എന്നാൽ നബി(സ)ക്ക് അത് ഇഷ്ടമായില്ല. സഅ്ദ്(റ)വിൽ നിന്ന് പതാക വാങ്ങിയ നബി(സ) അത് അദ്ദേഹത്തിന്റെ മകൻ ഖൈസ്(റ)വിന് നൽകി. വാക്കുകൾ കൊണ്ട് പോലും മറുപക്ഷത്തുള്ളവരെ അസ്വസ്ഥമാക്കാൻ നബി(സ) അനുവദിച്ചില്ല എന്ന് ചരിത്രം.
പ്രവേശനവും പരിമിതമായ ഏറ്റുമുട്ടലും
മക്കയിലേക്ക് പ്രവേശിക്കുന്നതിന്റെ മുമ്പ് സ്വഹാബികളെ ഖാലിദ്ബ്നു വലീദ്(റ), അബൂ ഉബൈദ(റ), സുബൈർ(റ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളാക്കി. മറ്റൊരു സംഘത്തിന് നബി(സ) നായകത്വം കൊടുക്കുകയും ചെയ്തു. അതിൽ ഖാലിദ്ബ്നു വലീദ്(റ)ന്റെ സംഘമല്ലാത്തവരെല്ലാം യാതൊരു എതിർപ്പും നേരിടാതെ മക്കയിൽ പ്രവേശിച്ചു. ഖാലിദ്(റ)വിന്റെ സൈന്യത്തിനു നേരേ ഒരു സംഘമാളുകൾ തുരുതുരാ അമ്പ് വർഷിച്ചതിനാൽ തിരിച്ചടിക്കേണ്ടിവന്നു. അക്രമികളിൽ നിന്ന് 18 പേരും രണ്ട് മുസ്‌ലിംകളും കൊല്ലപ്പെട്ടു. ഇതാണ് ജൻമ നാട്ടിലേക്കുള്ള നബി(സ)യുടെ തിരിച്ചുവരവിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം.
പൊതുമാപ്പും കാരുണ്യവും
ശേഷം തന്നോടും അനുചരരോടും വളരെ ക്രൂരമായി പെരുമാറിയ മക്കാനിവാസികൾക്കെല്ലാം നബി(സ) പൊതുമാപ്പ് നൽകി. എന്നാൽ അതിൽ നിന്ന് എട്ട് പുരുഷന്മാരെയും നാല് സ്ത്രീകളെയും മാറ്റി നിർത്തിയിരുന്നു. പിന്നീട് അവരിൽ എട്ട് പേർക്ക് മാനസാന്തരമുണ്ടാകുകയും മാപ്പ് പറയുകയും ചെയ്തപ്പോൾ അവരെയും വിട്ടയച്ചു. ബാക്കിയുള്ള നാല് പേർ അബ്ദുല്ലാഹിബ്നു ഖത്വൽ, ഹുവൈരിസ്ബ്നു നുഖൈദ്, മിഖ്‌യസ്ബ്നുസുബാബത് എന്നീ പുരുഷന്മാരും ഖുറൈബ എന്ന് പേരുള്ള സ്ത്രീയുമായിരുന്നു. ഇവർ നാല് പേർക്കും വധശിക്ഷ നൽകപ്പെട്ടു. ശിക്ഷ ലഭിച്ചവർ നാലേ നാല് പേർ.
മാപ്പ് ലഭിച്ച മുൻ ശത്രുക്കൾ
പൊതുമാപ്പിൽ നിന്ന് മാറ്റിനിർത്തി പിന്നീട് പശ്ചാത്തപിച്ചവരിൽ നബി(സ)യെ ഏറെ വേദനിപ്പിച്ചവരുണ്ടായിരുന്നു. അബൂജഹ്‌ലിന്റെ മകൻ ഇക്‌രിമ(റ), നബി(സ)യുടെ പുത്രി സൈനബ(റ)യെ ഹിജ്റയുടെ സമയത്ത് ഒട്ടകപ്പുറത്ത് നിന്ന് താഴെ വീഴ്ത്തി മാരകമായി പരുക്കേൽപ്പിച്ച ഹബ്ബാർ ഇബ്നുൽഅസ്വദ്(റ), ഉഹ്ദ് യുദ്ധത്തിൽ ഹംസ(റ)ന്റെ കരൾ കടിച്ചു തുപ്പിയ ഹിന്ദ്(റ)… എല്ലാവരും തിരുനബി(സ)യുടെ കാരുണ്യത്തിന്റെ സൗന്ദര്യം ആസ്വദിച്ചു.
ശാശ്വത പ്രതിയോഗികളില്ലാത്ത ഹൃദയം
ത്വാഇഫിൽ നിന്ന് ശാരീരികവും മാനസികവുമായ അതിക്രമങ്ങൾക്ക് വിധേയരായി തളർന്ന് തിരിച്ചുവരുമ്പോൾ തന്നെ ഉപദ്രവിച്ചവരിലേക്ക് പർവതം മറിച്ചിടാൻ സന്നദ്ധനായി വന്ന ജിബ്‌രീൽ(അ)നോട് നബി(സ) നടത്തിയ പ്രതികരണം “വേണ്ട അവർ നന്മ പുൽകുന്ന ഒരു ദിനം ഞാൻ സ്വപ്നം കാണുന്നു” എന്നായിരുന്നു. ശരീരത്തിലേക്ക് മാലിന്യം തള്ളിയവർ, വഴിയിൽ മുള്ള് വിതറിയവർ, പരിഹസിച്ചവർ… ആരും നബി(സ)ക്ക് പ്രതിയോഗികളായിരുന്നില്ല. ജീവിതത്തിൽ ഒരു ഘട്ടത്തിലും നബി(സ)ക്ക് ശാശ്വത പ്രതിയോഗികൾ ഉണ്ടായിരുന്നില്ല. ശത്രുപക്ഷത്ത് ചേർന്ന് ഹുങ്കാരം മുഴക്കി ആയുധമെടുത്ത് വന്നവർക്ക് നന്മയുടെ വെളിച്ചം നൽകി തന്റെ വിജയം അടയാളപ്പെടുത്തിയ എത്ര പേരുണ്ട് ചരിത്രത്തിൽ. ഇതാണ് സ്നേഹസ്വരൂപരായ മുത്ത് നബി(സ). ഈ മാതൃകയാണ് പുതിയ കാലം ആവശ്യപ്പെടുന്നതും.
